Home Keralaഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി; റെഗുലേറ്ററി കമ്മീഷന്റെ നിർണായക ഉത്തരവ്

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി; റെഗുലേറ്ററി കമ്മീഷന്റെ നിർണായക ഉത്തരവ്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ അംഗീകരിച്ചത്.

അതേസമയം, ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിവിധ സ്രോതസ്സുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിശദാംശങ്ങൾ കെഎസ്ഇബി സമർപ്പിച്ചില്ലെന്ന് കമ്മീഷൻ ഉത്തരവിൽ വിമർശിച്ചു. പവർ എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിൽ, ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചു. മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.

നിലവിൽ ജൂൺ 30 വരെയാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൺസൂൺ വേണ്ടത്ര ശക്തിപ്രാപിക്കാത്തതാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവുണ്ടായി. കാലവർഷക്കുറവ് മൂലം കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ ഇപ്പോൾ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 58.58 ശതമാനമായിരുന്നു. ജൂൺ മാസത്തിൽ പ്രതീക്ഷിച്ച നീരൊഴുക്കിന്റെ 58 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്.

എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്ന് രാജ്യത്താകെ അന്തരീക്ഷ താപനില ഉയർന്നതോടെ വൈദ്യുതി ആവശ്യകത വർധിക്കുകയും ലഭ്യത കുറയുകയും ചെയ്ത സാഹചര്യം നിലവിലെ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കിയതായും വിലയിരുത്തപ്പെടുന്നു.

You may also like