തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വലിയൊരു പങ്ക് ഓഹരികൾ ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനിയായ എം.എസ്.സി (MSC) ഗ്രൂപ്പിന് അദാനി ഗ്രൂപ്പ് കൈമാറുന്നുവെന്ന വാർത്തകളിൽ ഔദ്യോഗിക വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്തകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അദാനി ഗ്രൂപ്പ് ഇതിനായി സർക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തുറമുഖത്തിന്റെ ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പിന് കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം കൈമാറ്റങ്ങളിൽ ചില സാങ്കേതിക കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ കൂടി അനുമതി ആവശ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകൾ സർക്കാരിന് മുന്നിൽ എത്തിയാൽ കൃത്യമായ പരിശോധന നടത്തും. കരാർ കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചാലും മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിലെ വിദേശ നിക്ഷേപ നീക്കത്തിൽ കടുത്ത ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ഓഹരി കൈമാറ്റത്തിലൂടെ തന്ത്രപ്രധാനമായ വിഴിഞ്ഞം തുറമുഖം എം.എസ്.സി കമ്പനിയുടെ കുത്തകയായി മാറാൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ ആശങ്ക ശരിവെച്ച മുഖ്യമന്ത്രി, വിഴിഞ്ഞത്ത് ഇനി എന്ത് നീക്കമുണ്ടായാലും അഞ്ച് സുപ്രധാന കാര്യങ്ങൾ പരിഗണിച്ചുമാത്രമേ തീരുമാനമെടുക്കൂ എന്ന് സഭയ്ക്ക് ഉറപ്പുനൽകി. ദേശീയ സുരക്ഷ ഉറപ്പാക്കൽ, പൊതുതാൽപ്പര്യം സംരക്ഷിക്കൽ, ആരോഗ്യകരമായ മത്സരസാധ്യത ഉറപ്പാക്കൽ, നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കൽ, ദീർഘവീക്ഷണത്തോടെയുള്ള വികസനം എന്നിവയാണ് ആ അഞ്ച് ഘടകങ്ങൾ.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികൾ സംസ്ഥാനത്ത് നിലവിൽ മന്ദഗതിയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുബന്ധ വ്യവസായങ്ങൾക്കായി ഭൂമി വേഗത്തിൽ ഏറ്റെടുത്തു നൽകേണ്ടതുണ്ട്. കേരളത്തേക്കാൾ വലിയ ഒരുക്കങ്ങളാണ് അയൽസംസ്ഥാനമായ തമിഴ്‌നാട് ഇതിനായി നടത്തുന്നത്. വിഴിഞ്ഞത്തിന്റെ പ്രധാന ഗുണഭോക്താവാകാൻ തമിഴ്‌നാട് ഊർജ്ജിത ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. ഇതേ അവസ്ഥ തുടർന്നാൽ വിഴിഞ്ഞം ഒരു കേവല ‘ഗേറ്റ്‌വേ’ മാത്രമായി അവശേഷിക്കുമെന്നും, യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും വി.ഡി. സതീശൻ അവകാശപ്പെട്ടു.
സെബിയുടെ (SEBI) അനുമതി ലഭിച്ചതിനെ തുടർന്നാണ് അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റ നീക്കങ്ങളിലേക്ക് കടന്നത്. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി അദാനി ഗ്രൂപ്പ് ഉടൻ തേടുമെന്നാണ് ലഭിക്കുന്ന വിവരം. അദാനി പോർട്സിന്റെ ഉപസ്ഥാപനമായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ എം.എസ്.സി ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ മുൻഡി ലിമിറ്റഡിന് കൈമാറാനാണ് നിലവിലെ നീക്കം. ഏകദേശം 13,270 കോടി രൂപയുടെ ഈ ഓഹരി കൈമാറ്റ വിവരം അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

