ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് വിശ്വസ്തർ എന്നിവരാണ് പിടിയിലായത്.
കൃഷ്ണഗിരിയിലെ ടി.വി.കെ (തമിഴക വെട്രി കഴകം) എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ട്രിപ്ലിക്കേൻ പൊലീസ് കേസെടുത്തതിന് പിന്നാലെ അറസ്റ്റ് വിവരം ചെന്നൈ പൊലീസ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു.
ടി.വി.കെ എം.എൽ.എമാരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കുന്നതിനായി 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായുമാണ് പരാതിയിൽ പറയുന്നത്. ആകെ 15 ടി.വി.കെ എം.എൽ.എമാരെ ലക്ഷ്യമിട്ടായിരുന്നു അട്ടിമറി ശ്രമമെന്നും, ഇതിൽ 12 എം.എൽ.എമാരെ പ്രതികൾ പലതവണ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു.
എന്നാൽ കൃഷ്ണഗിരിയിലെ എം.എൽ.എ മാത്രമാണ് വിവരം പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. നിയമസഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവും പ്രതികൾ നടത്തിയിരുന്നതായും പൊലീസ് പറയുന്നു.
സെന്തിൽ ബാലാജിക്കെതിരെ അന്വേഷണം
അട്ടിമറി ശ്രമത്തിന് പിന്നിൽ ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയും സഹോദരൻ അശോക് കുമാറുമാണെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. ഈ ആരോപണം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
ഭരണകക്ഷിയായ ടി.വി.കെയെ ദുർബലപ്പെടുത്താൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ചെന്നൈ പൊലീസ് അറിയിച്ചു.

