Home Top Storiesകശുവണ്ടി അഴിമതിക്കേസ്: വിചാരണാനുമതി ഫയൽ മുഖ്യമന്ത്രിക്ക് മുന്നിൽ; ആർ. ചന്ദ്രശേഖറിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം നിർണായകം

കശുവണ്ടി അഴിമതിക്കേസ്: വിചാരണാനുമതി ഫയൽ മുഖ്യമന്ത്രിക്ക് മുന്നിൽ; ആർ. ചന്ദ്രശേഖറിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം നിർണായകം

by news_desk1
0 comments

കൊച്ചി: കശുവണ്ടി അഴിമതിക്കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ, വിചാരണയ്ക്ക് അനുമതി നൽകാതെ കഴിഞ്ഞ പത്ത് വർഷമായി സംരക്ഷിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖറിന്റെ കാര്യത്തിൽ യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമാകുന്നത്.

കശുവണ്ടി അഴിമതിക്കേസിൽ ആർ. ചന്ദ്രശേഖരനെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് പ്രോസിക്യൂഷന് അനുമതി നൽകാനുള്ള ഫയൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പരിഗണനയിലാണ്.

ജെ. മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്ത് പ്രോസിക്യൂഷൻ അനുമതി നൽകാൻ നിർദേശം നൽകിയതിനെ തുടർന്ന് ഫയൽ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും, പിന്നീട് ഉദ്യോഗസ്ഥ ഇടപെടലിനെ തുടർന്ന് വിചാരണാനുമതി നിഷേധിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

2020-ൽ ആദ്യമായി അനുമതി നിഷേധിച്ചതിനെ തുടർന്ന് സി.ബി.ഐ നൽകിയ ഹർജിയിൽ, അപേക്ഷ പുനഃപരിശോധിച്ച് മൂന്ന് മാസത്തിനകം സർക്കാർ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ആർ. ചന്ദ്രശേഖരനും കെ.എ. രതീഷും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു. എന്നിട്ടും കഴിഞ്ഞ അഞ്ച് വർഷമായി വിചാരണ നടപടികൾ മുന്നോട്ടുപോയിട്ടില്ല.

ഇടത് സർക്കാരിന്റെ കാലത്ത് വിചാരണാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷ് കോടതിയലക്ഷ്യ നടപടിയും നേരിടുകയാണ്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി കടുത്ത വിമർശനവും ഉയർത്തിയിരുന്നു. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. മൂന്നാം പ്രതിയായ ആർ. ചന്ദ്രശേഖരനെയും മുൻ എം.ഡി കെ.എ. രതീഷിനെയും വിചാരണ ചെയ്യാനുള്ള അനുമതി തുടർച്ചയായി നിഷേധിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. അഴിമതിക്കാർക്കൊപ്പം സർക്കാർ സഞ്ചരിക്കുകയാണോ എന്നും കോടതി ചോദിച്ചിരുന്നു.

എന്താണ് കശുവണ്ടി അഴിമതിക്കേസ്?

വിദേശത്ത് നിന്ന് ഗുണനിലവാരമുള്ള തോട്ടണ്ടി ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച കശുവണ്ടി ആഭ്യന്തര-വിദേശ വിപണികളിൽ വിൽപ്പന നടത്തുന്നതിനായി 1969-ൽ രൂപീകരിച്ച കേരള കാഷ്യു ഡെവലപ്‌മെന്റ് കോർപറേഷനിൽ വർഷങ്ങളായി ക്രമക്കേടുകൾ നടന്നുവെന്നതാണ് കേസിന്റെ അടിസ്ഥാനം.

2008 മുതൽ വിവിധ ഘട്ടങ്ങളിൽ സി.എ.ജി റിപ്പോർട്ടുകൾ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് സർക്കാർ തലത്തിൽ അന്വേഷണം ആരംഭിച്ചു. ഫിനാൻഷ്യൽ ഇൻസ്പെക്ഷൻ വിങ് ഉൾപ്പെടെ നടത്തിയ അന്വേഷണങ്ങളിൽ തോട്ടണ്ടി വാങ്ങൽ മുതൽ കശുവണ്ടി പരിപ്പ് വിൽപ്പന വരെ വിവിധ ഘട്ടങ്ങളിൽ വ്യാപക അഴിമതി നടന്നതായി കണ്ടെത്തി.

തുടർച്ചയായി വർഷങ്ങളോളം തോട്ടണ്ടി ഇറക്കുമതി ചെയ്ത കോട്ടയത്തെ ജെ.എം.ജെ ട്രേഡേഴ്സ് വിതരണം ചെയ്ത തോട്ടണ്ടി നിലവാരം കുറഞ്ഞതായിരുന്നുവെന്നും, വിലപേശി തുക നിശ്ചയിച്ച രേഖകളിൽ അന്നത്തെ എം.ഡി കെ.എ. രതീഷും ചെയർമാൻ ആർ. ചന്ദ്രശേഖരനും മാത്രമാണ് ആദ്യം ഒപ്പുവെച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2013-ൽ ഫിനാൻഷ്യൽ ഇൻസ്പെക്ഷൻ വിങ് ഈ രേഖ പിടിച്ചെടുത്തിരുന്നു.

എന്നാൽ രണ്ട് മാസം കഴിഞ്ഞ് വീണ്ടും നടത്തിയ പരിശോധനയിൽ, അതേ രേഖയിൽ പിന്നീട് ഡയറക്ടർ ബോർഡിലെ മറ്റ് അംഗങ്ങളുടെയും ഒപ്പുകൾ ചേർത്ത് ക്രമക്കേട് മറച്ചുവയ്ക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

You may also like