2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ റൗണ്ട് ഓഫ് 32 നോക്കൗട്ട് ഘട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ ബെൽജിയം ഇന്ന് ആഫ്രിക്കൻ കരുത്തരായ സെനഗലിനെ നേരിടുന്നു. വാഷിംഗ്ടൺ സ്റ്റേറ്റിലെ പ്രശസ്തമായ ലൂമൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരുടീമുകളും തങ്ങളുടെ പ്രീ-ക്വാർട്ടർ ബർത്ത് ഉറപ്പാക്കാനുള്ള കടുത്ത പോരാട്ടത്തിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങളിൽ ഈജിപ്ത്, ഇറാൻ എന്നിവരോട് സമനില വഴങ്ങി നിരാശപ്പെടുത്തിയെങ്കിലും, അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തുവിട്ട ആത്മവിശ്വാസത്തിലാണ് റൂഡി ഗാർഷ്യയുടെ കീഴിലിറങ്ങുന്ന ‘റെഡ് ഡെവിൾസ്’.
പാപെ തിയാവിന്റെ പരിശീലനത്തിൽ ഇറങ്ങുന്ന ‘തെരംഗ ലയൺസ്’ സൂപ്പർ താരം സാദിയോ മാനെയുടെയും നികോളാസ് ജാക്സന്റെയും ആക്രമണ മികവിലാണ് പ്രതീക്ഷ വെക്കുന്നത്. എന്നാൽ പരിക്കേറ്റ ഒന്നാം നമ്പർ ഗോൾകീപ്പർ എഡ്വേർഡ് മെൻഡിയുടെ അഭാവം സെനഗലിന് കനത്ത തിരിച്ചടിയാണ്. ബെൽജിയം നിരയിൽ പരിക്കിൽ നിന്നും മുക്തനാകുന്ന സിനോ ഡീബാസ്റ്റിന്റെ സാന്നിധ്യം പ്രതിരോധത്തിന് കരുത്തുപകരുമെങ്കിലും സൂപ്പർ സ്ട്രൈക്കർ റൊമേലു ലുക്കാക്കു സ്റ്റാർട്ടിങ് ലൈനപ്പിൽ ഉണ്ടാകാൻ സാധ്യത കുറവാണ്.
ഇരുടീമുകളുടെയും നിലവിലെ ഫോം വിലയിരുത്തുമ്പോൾ ബെൽജിയത്തിനാണ് നേരിയ വിജയസാധ്യത കൽപ്പിക്കപ്പെടുന്നത് (പ്രവചിക്കപ്പെടുന്ന സ്കോർ 2-1). ആഴ്സണലിലും ദേശീയ ടീമിലും തകർപ്പൻ ഫോമിൽ കളിക്കുന്ന ലിയാൻഡ്രോ ട്രൊസാർഡ് , കെവിൻ ഡി ബ്രൂയ്‌നെ, ജെറമി ഡോക്കു എന്നിവരടങ്ങുന്ന ബെൽജിയത്തിന്റെ മധ്യനിരയും മുന്നേറ്റനിരയും സെനഗലിന് വലിയ ഭീഷണിയാകും. ഇരുടീമുകളുടെയും പ്രതിരോധ നിരകൾ ഈ വർഷം ഗോളുകൾ വഴങ്ങുന്നതിൽ വരുത്തിയ പിഴവുകൾ കണക്കിലെടുക്കുമ്പോൾ മത്സരത്തിൽ ഇരുപക്ഷത്തും ഗോളുകൾ ജനിക്കുമെന്നാണ് കായിക നിരീക്ഷകർ വിലയിരുത്തുന്നത്. ബെൽജിയത്തിന്റെ സുവർണ്ണ തലമുറയുടെ അവസാന ലോകകപ്പാണിതെന്നിരിക്കെ, ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കാൻ അവർക്ക് ഇന്ന് വിജയം അനിവാര്യമാണ്. ചരിത്രത്തിൽ ഇതാദ്യമായാണ് ഈ ഇരു രാജ്യങ്ങളും ഫുട്ബോൾ മൈതാനത്ത് നേർക്കുനേർ വരുന്നത്.

