Home Top StoriesPSC അഭിമുഖത്തിലും ക്രമക്കേട് ആരോപണം; ‘ഇടത് നേതാക്കൾക്ക് മാർക്ക് വാരിക്കോരി നൽകി’

PSC അഭിമുഖത്തിലും ക്രമക്കേട് ആരോപണം; ‘ഇടത് നേതാക്കൾക്ക് മാർക്ക് വാരിക്കോരി നൽകി’

by news_desk1
0 comments

തിരുവനന്തപുരം: പി.എസ്.സി. അഭിമുഖങ്ങളിലും ക്രമക്കേട് നടന്നതായി പരാതി. പരീക്ഷകളിലെ ക്രമക്കേടിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് അഭിമുഖത്തിലും അട്ടിമറി നടന്നെന്ന ആരോപണം ഉയർന്നിരിക്കുന്നത്. 2019-ൽ സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി. നടത്തിയ അഭിമുഖത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി.

സോഷ്യൽ സർവീസ്, പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ പ്രധാന തസ്തികകളിലേക്കുള്ള അഭിമുഖത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം. അഭിമുഖത്തിൽ ഇടത് നേതാക്കൾക്ക് മാർക്ക് വാരിക്കോരി നൽകിയതായും പരാതിയുണ്ട്. എഴുത്തുപരീക്ഷയിലെ മാർക്കിന്റെ 12.02 ശതമാനത്തിൽ കൂടുതൽ മാർക്ക് അഭിമുഖത്തിൽ നൽകാൻ പാടില്ലെന്ന വ്യവസ്ഥ പാലിക്കാതെയായിരുന്നു നടപടിയെന്നും ആരോപിക്കുന്നു.

കെ.ജി.ഒ.എ. നേതാവ് പി. ഷാജിക്ക് അഭിമുഖത്തിൽ 72 ശതമാനം മാർക്കാണ് നൽകിയതെന്നാണ് പരാതി. കെ.ജി.ഒ.എ. അംഗങ്ങളായ ബിന്ദു പി. വർഗീസ്, ജോസഫൈൻ എന്നിവർക്കും ഉയർന്ന മാർക്ക് നൽകിയതായും ആരോപണമുണ്ട്. ഉദ്യോഗാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പ് പോലും പി.എസ്.സി. നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. എം.കെ. സക്കീർ പി.എസ്.സി. ചെയർമാനായിരുന്ന കാലത്താണ് ഈ ക്രമക്കേട് നടന്നതെന്നാണ് ആരോപണം.

ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതിലും ക്രമക്കേട് ഉണ്ടായിരുന്നുവെന്നാണ് പരാതി. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ഈ ക്രമക്കേട് നടന്നതെന്നും ആരോപിക്കുന്നു.

ഇതിൽ ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ചീഫായി ഒന്നാം റാങ്കുകാരൻ അരുണ്‍ ജെ. പ്രതാപിനെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു. ഇടത് സർവീസ് സംഘടനയുടെ സജീവ പ്രവർത്തകനാണ് അരുണ്‍ ജെ. പ്രതാപ്. മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ. ശ്യാം കൃഷ്ണൻ ഉത്തരക്കടലാസിനായി പി.എസ്.സി.യെ സമീപിച്ചപ്പോഴാണ് ഓൺ-സ്ക്രീൻ മാർക്കിംഗിൽ ഒൻപത് മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് മാർക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തിയത്. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ 228 പേരുടെയും ഉത്തരക്കടലാസുകളിൽ ഈ ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. 2023 ജൂലൈ 13-നാണ് പരീക്ഷ നടന്നത്. 228 പേരാണ് പരീക്ഷ എഴുതിയത്. 2025 മെയ് 31-നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

സംഭവം വിവാദമായതിനെ തുടർന്ന് പുനർമൂല്യനിർണയത്തിനും ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനും പി.എസ്.സി. തീരുമാനമെടുത്തു. പി.എസ്.സി. യോഗത്തിലാണ് തീരുമാനം. വിജിലൻസ് എസ്.പി.യുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

സംഭവത്തിൽ പ്രതികരിച്ച മന്ത്രി ഒ. ജെ. ജനീഷ് വാർത്ത അതീവ ഗൗരവമുള്ളതാണെന്ന് പറഞ്ഞു. ആസൂത്രിത ശ്രമമുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും, ഒന്നാം റാങ്കുകാരൻ ഇടത് സർവീസ് സംഘടനയുടെ സജീവ പ്രവർത്തകനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്തിരുന്നെങ്കിൽ ഫലത്തിൽ മാറ്റമുണ്ടാകുമായിരുന്നുവെന്നും, ഇത്തരത്തിൽ നിയമനം നേടിയവരുടെ നിയമനം റദ്ദാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ വലിയ പ്രതീക്ഷയോടെയാണ് യുവാക്കൾ പി.എസ്.സി. പരീക്ഷകൾ എഴുതുന്നതെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ഉദ്യോഗാർഥികളെ നിരാശരാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിലും സമാന ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും, ഇതുവരെ നടന്ന പി.എസ്.സി. പരീക്ഷകളിൽ സമഗ്ര പരിശോധന നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

You may also like