Home Kerala‘അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്’; പൊലീസ് റിപ്പോർട്ട് അപൂർണമെന്ന് കോടതി, കേസെടുക്കാൻ നിർദേശം

‘അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്’; പൊലീസ് റിപ്പോർട്ട് അപൂർണമെന്ന് കോടതി, കേസെടുക്കാൻ നിർദേശം

by news_desk1
0 comments

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. അൻസിബ ഉന്നയിച്ച പരാതികളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിലയിരുത്തിയത്. കേസെടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ടിനി ടോം ഉപയോഗിച്ച “ജിഹാദി” അടക്കമുള്ള പരാമർശങ്ങൾ തമാശയുടെ ഭാഗമായിരുന്നുവെന്നും അതിൽ ക്രിമിനൽ ഉദ്ദേശമില്ലെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. എന്നാൽ പരാമർശങ്ങൾക്ക് ക്രിമിനൽ ഉദ്ദേശമുണ്ടോയെന്നത് വിശദമായ അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

അൻസിബയുടെ പരാതിയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും നടി നീന കുറുപ്പ് നൽകിയ മൊഴി നിർണായകമാണെന്നും കോടതി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 173(5) പ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ കടവന്ത്ര പൊലീസിനോട് കോടതി നിർദേശിച്ചു. കോടതിയുടെ ഉത്തരവിനെ തുടർന്ന് പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.

ചൊവ്വാഴ്ചയാണ് ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. കേട്ടറിവിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിൽ കേസെടുക്കേണ്ടതില്ലെന്നായിരുന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഇതിനെതിരെയാണ് അൻസിബ കോടതിയെ സമീപിച്ചത്.

ജൂൺ ഒന്നിനാണ് അൻസിബ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നും, തന്റെ ഡ്രൈവറെ മതംമാറ്റാൻ ശ്രമിച്ചുവെന്നതടക്കമുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിച്ചു. താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റെ പെരുമാറ്റം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും അൻസിബ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നടിമാരായ ശ്വേതാ മേനോൻ, നീന കുറുപ്പ്, ടിനി ടോം എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പരാമർശം അൻസിബയെ ഉദ്ദേശിച്ചുള്ളതല്ലെന്നും പൊതുവായ ഒന്നാണെന്നുമായിരുന്നു ശ്വേതാ മേനോന്റെ മൊഴി. താൻ അത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നായിരുന്നു ടിനി ടോമിന്റെ വിശദീകരണം.

ചില കാര്യങ്ങൾ കേട്ടതായി നീന കുറുപ്പ് മൊഴി നൽകിയിരുന്നെങ്കിലും അതിന് വ്യക്തമായ തെളിവുകളോ സമയമോ വ്യക്തമാക്കാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞത്. മറ്റ് സാക്ഷികളാരും ഇത്തരം പരാമർശങ്ങൾ കേട്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്നും, മറ്റൊരാൾ പറഞ്ഞുകേട്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഈ റിപ്പോർട്ടിനെതിരെയാണ് അൻസിബ കോടതിയെ സമീപിച്ചത്. സ്വകാര്യ അന്യായ ഹർജിക്കൊപ്പം തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകളും അൻസിബ കോടതിയിൽ സമർപ്പിച്ചിരുന്നു.

You may also like