Home Nationalഅയോധ്യ സംഭാവനക്കൊള്ളക്കേസ്; അന്വേഷണം മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയിലേക്ക്, സിബിഐയ്ക്ക് കൈമാറാൻ യു.പി സർക്കാർ ആലോചന

അയോധ്യ സംഭാവനക്കൊള്ളക്കേസ്; അന്വേഷണം മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയിലേക്ക്, സിബിഐയ്ക്ക് കൈമാറാൻ യു.പി സർക്കാർ ആലോചന

by news_desk1
0 comments

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കേസിലെ മുഖ്യപ്രതിയായ അവിനാശ് ശുക്ല നൽകിയ മൊഴിയിലാണ് അനിൽ മിശ്രയുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

അനിൽ മിശ്രയുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ നിരവധി സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അനിൽ മിശ്രയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ട്രസ്റ്റിലെ ഭൂരിഭാഗം അംഗങ്ങളെയും നിയമിച്ചത് അനിൽ മിശ്രയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ, സാമ്പത്തിക ക്രമക്കേടായതിനാൽ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള സാധ്യതകൾ ഉത്തർപ്രദേശ് സർക്കാർ പരിശോധിക്കുകയാണ്. സിബിഐ അന്വേഷണത്തിനുള്ള സാധ്യതയാണ് സർക്കാർ വിലയിരുത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.

അതേസമയം, സംഭാവനാ ക്രമക്കേടിൽ ആരോപണം നേരിടുന്ന മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്കെതിരെ ഉടൻ നടപടിയില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചു. അന്വേഷണം പൂർത്തിയായതിന് ശേഷമേ നടപടി സ്വീകരിക്കേണ്ടതുള്ളൂവെന്നാണ് സംഘടനയുടെ നിലപാട്.

സംഭാവനാ ക്രമക്കേടിൽ വിശ്വ ഹിന്ദു പരിഷത്തിന് പങ്കില്ലെന്നും ചമ്പത്ത് റായിയെ നിയമിച്ചത് വിശ്വ ഹിന്ദു പരിഷത്ത് അല്ലെന്നും സംഘടനയുടെ പ്രസിഡന്റ് അലോക് കുമാർ വ്യക്തമാക്കി.

അയോധ്യ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേടും പണം തട്ടിയെന്ന കണ്ടെത്തലുകളുമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐയുടെ നേതൃത്വത്തിലുള്ള ബഹുവിഭാഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങൾ.

You may also like