സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെ തുടർന്ന് ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്യാത്ത വിജയ് ചിത്രം ‘ജനനായകൻ’ ഓൺലൈനിൽ വൻതോതിൽ പ്രചരിച്ചതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഏകദേശം 1.2 കോടി ആളുകൾ കണ്ടതായി പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
ചിത്രം ചോർന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പൊലീസ് ഈ കണക്ക് കോടതിയെ അറിയിച്ചത്. ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. അതേസമയം, സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കുമെന്നാണ് നിർമാതാക്കളോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ‘ജനനായകൻ’ എത്തുന്നത്. ചിത്രം ജനുവരി 9-ന് റിലീസ് ചെയ്യാനിരുന്നതായിരുന്നു. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് മാറ്റിവെക്കേണ്ടിവന്നു.
ചിത്രം ചോർന്ന സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ മൂന്ന് പേരെ ചെന്നൈ പൊലീസ് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഫ്രീലാൻസ് എഡിറ്ററായ യുവാവാണ് കേസിലെ മുഖ്യപ്രതി. മറ്റൊരു ചിത്രത്തിന്റെ ജോലിക്കായി സ്റ്റുഡിയോയിൽ എത്തിയ ഇയാൾ അവിടെ നിന്ന് അനധികൃതമായി ‘ജനനായകൻ’ റീൽ കൈവശപ്പെടുത്തി പകർപ്പ് നിർമിച്ചതാണെന്ന് പൊലീസ് കണ്ടെത്തി.
ചിത്രത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ഇതിനിടെ, കോയമ്പത്തൂരിൽ ‘ജനനായകൻ’ അനധികൃതമായി പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്ററെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവികെ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് നടപടി. എസ്. പളനിസാമിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് നാല് ഹാർഡ് ഡിസ്കുകളും ഒരു കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

