Slug: ketan-case
മുംബൈ: കോളിളക്കം സൃഷ്ടിച്ച കേതൻ അഗർവാൾ കൊലക്കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയയാക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. കേതനെ മലയിടുക്കിലേക്ക് തള്ളിയിട്ടത് ആരാണെന്ന് ഉറപ്പിക്കാൻ ഇതുവരെ കൃത്യമായ തെളിവുകളോ ദൃക്സാക്ഷിമൊഴികളോ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
കേതനെ താനാണ് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന സിയയുടെ മൊഴി മാത്രമാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്. എന്നാൽ, ഇക്കാര്യം കോടതിയിൽ തെളിയിക്കാൻ ആവശ്യമായ മറ്റ് തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി നുണപരിശോധന നടത്താൻ അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിൽ സിയ ഗോയലിന്റെയും കാമുകനായ ചേതൻ ചൗധരിയുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർ അന്വേഷണത്തിന് നുണപരിശോധന ആവശ്യമാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നുണപരിശോധനയിലൂടെ കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
പരിമിതമായ തെളിവുകൾ മാത്രമുള്ള സാഹചര്യങ്ങളിലാണ് സാധാരണയായി പൊലീസ് നുണപരിശോധനയ്ക്ക് അപേക്ഷിക്കുന്നത്. എന്നാൽ, നുണപരിശോധനയുടെ ഫലം കോടതിയിൽ പ്രധാന തെളിവായി അംഗീകരിക്കാറില്ല. അന്വേഷണത്തിന് സഹായകമായ കൂടുതൽ വിവരങ്ങളും തെളിവുകളും കണ്ടെത്തുന്നതിനുള്ള മാർഗമായാണ് ഇത്തരം പരിശോധനകൾ ഉപയോഗിക്കുന്നത്.
അതേസമയം, നുണപരിശോധനയ്ക്ക് മുമ്പ് നിയമപരവും സാങ്കേതികപരവുമായ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്ന് സിയ ഗോയലിന്റെ അഭിഭാഷകൻ വിപുൽ ദുശിങ് പ്രതികരിച്ചു. നുണപരിശോധന നടത്താൻ പ്രതിയുടെ സമ്മതം നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

