Home Internationalഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ

by news_desk1
0 comments

കാൻബെറ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിസ, പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി വിഎഫ്എസ് ഗ്ലോബൽ അറിയിച്ചു. ജൂലൈ 1 മുതൽ രാജ്യത്തുടനീളമുള്ള വിഎഫ്എസ് കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചതോടെ, അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് യാത്ര പോകാനിരുന്ന നൂറുകണക്കിന് ആളുകളാണ് പ്രതിസന്ധിയിലായത്.

കോൺസുലാർ, പാസ്‌പോർട്ട്, വിസ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് വിഎഫ്എസ് ഗ്ലോബൽ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. സേവനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിക്കുകയും കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് നിരന്തരം പരിശോധിക്കാൻ നിർദേശിക്കുകയും ചെയ്തു.

ഇന്ത്യയിലേക്ക് പോകാൻ വിസ ആവശ്യമുള്ള ഓസ്‌ട്രേലിയൻ പൗരന്മാർ, ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാൻ കാത്തിരിക്കുന്ന പ്രവാസികൾ, ഒസിഐ കാർഡിന് അപേക്ഷിച്ചവർ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലാർ സേവനങ്ങൾ ആവശ്യമുള്ളവർ എന്നിവരെ ഈ തീരുമാനം നേരിട്ട് ബാധിക്കും.

സേവനങ്ങൾ പെട്ടെന്ന് നിർത്തിവെച്ചതിന്റെ കാരണം വിഎഫ്എസ് ഗ്ലോബലോ കാൻബെറയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റും താൽക്കാലിക സസ്‌പെൻഷൻ സ്ഥിരീകരിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ജൂലൈ മാസത്തിലെ സ്കൂൾ അവധിക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ കുടുംബസമേതം ഇന്ത്യയിലേക്ക് യാത്ര പോകാൻ പദ്ധതിയിട്ടിരുന്ന വലിയൊരു വിഭാഗം ആളുകളാണ് ഇപ്പോൾ ആശങ്കയിലായത്. അടിയന്തര യാത്രാ ആവശ്യങ്ങളുള്ളവർ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മെൽബണിലെ വിഎഫ്എസ് കേന്ദ്രം കൂടുതൽ സൗകര്യങ്ങളുള്ള വലിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. അവിടെ തിരക്ക് കുറയ്ക്കുന്നതിനായി 15 കൗണ്ടറുകൾ വരെ ഒരുക്കുമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ അനീഷ് രാജൻ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ താൽക്കാലിക സേവന സസ്‌പെൻഷന് ഈ ഓഫീസ് മാറ്റവുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

You may also like