Home National29 നിയമ വിദ്യാർത്ഥികൾക്ക് ‘പൂജ്യം’ മാർക്ക്; പ്രതിഷേധത്തിന് പിന്നാലെ 48 മണിക്കൂറിനകം മുംബൈ സർവകലാശാല വീണ്ടും ഫലം പ്രസിദ്ധീകരിച്ചു

29 നിയമ വിദ്യാർത്ഥികൾക്ക് ‘പൂജ്യം’ മാർക്ക്; പ്രതിഷേധത്തിന് പിന്നാലെ 48 മണിക്കൂറിനകം മുംബൈ സർവകലാശാല വീണ്ടും ഫലം പ്രസിദ്ധീകരിച്ചു

by news_desk1
0 comments

മുംബൈ: മുംബൈ സർവകലാശാലയിലെ അവസാന വർഷ നിയമ വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തിൽ 29 പേർക്ക് ഒന്നോ അതിലധികമോ വിഷയങ്ങളിൽ പൂജ്യം മാർക്ക് ലഭിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നു. ഉത്തരക്കടലാസുകൾ ശരിയായി പരിശോധിച്ചില്ലെന്ന വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് സെനറ്റ് അംഗങ്ങൾ ഇടപെട്ടു. പിന്നാലെ 48 മണിക്കൂറിനകം പുനർമൂല്യനിർണയം നടത്തി സർവകലാശാല പുതിയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്ന് വർഷത്തെ എൽ.എൽ.ബി കോഴ്‌സിന്റെ ആറാം സെമസ്റ്റർ പരീക്ഷയിലാണ് സംഭവം. മിക്ക ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടും പൂജ്യം മാർക്ക് ലഭിച്ചതോടെ വിദ്യാർത്ഥികൾ ഉത്തരക്കടലാസുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ലഭിച്ച ഉത്തരക്കടലാസുകളിൽ പല ഉത്തരങ്ങളും പരിശോധിച്ചിട്ടില്ലെന്നും, ചിലതിൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ മാത്രമാണ് മൂല്യനിർണയം നടത്തിയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയ ഒരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസിൽ മൂന്ന് ഉത്തരങ്ങൾ മാത്രമാണ് പരിശോധിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിൽ വെറും ഒമ്പത് മാർക്കാണ് നൽകിയതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. അവസാന സെമസ്റ്റർ ഫലം പുറത്തുവന്നപ്പോൾ ചില വിഷയങ്ങളിൽ പൂജ്യം മാർക്ക് ലഭിച്ചത് വലിയ ഞെട്ടലുണ്ടാക്കിയെന്നും, ഉത്തരക്കടലാസുകൾ പരിശോധിച്ചപ്പോൾ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വിദ്യാർത്ഥി പ്രതികരിച്ചു.

വിദ്യാർത്ഥികളുടെ പ്രതിഷേധവും പരാതിയും ശക്തമായതോടെ സെനറ്റ് അംഗങ്ങൾ വിഷയത്തിൽ ഇടപെടുകയും, പുനർമൂല്യനിർണയം നടത്തി ഫലം വീണ്ടും പ്രസിദ്ധീകരിക്കാൻ സർവകലാശാലയോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് 48 മണിക്കൂറിനകം പുനർമൂല്യനിർണയം പൂർത്തിയാക്കി പുതിയ ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു.

You may also like