വിഴിഞ്ഞം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ വെങ്ങാനൂർ സ്വദേശിനി അഞ്ചു ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പനങ്ങോട് സ്വദേശി സിന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ചുവിന്റെ സഹപ്രവർത്തക ഐശ്വര്യ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ജൂൺ 30-നാണ് അഞ്ചുവും ഐശ്വര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് അഞ്ചുവിന്റെ മരണം സംഭവിച്ചത്.
ഇരുവരും ജോലി ചെയ്തിരുന്ന സ്വർണ പണയ സ്ഥാപനങ്ങളിൽ നിന്ന് 70 പവൻ സ്വർണമാണ് സിന്ധുവിന് കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നാട്ടുകാർ സ്ഥാപനത്തിൽ പണയം വെച്ചിരുന്ന സ്വർണമാണ് ഇവർ സിന്ധുവിന് നൽകിയിരുന്നത്. പിന്നീട് ഈ സ്വർണം മറ്റ് സ്ഥാപനങ്ങളിൽ കുറഞ്ഞ പലിശയ്ക്ക് പണയം വെച്ചതായും, അതിൽ നിന്നുള്ള കമ്മീഷൻ തുക അഞ്ചുവിനും ഐശ്വര്യക്കും ലഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.
പണയം വെച്ച സ്വർണം തിരികെ ആവശ്യപ്പെട്ട് യഥാർത്ഥ ഉടമകൾ എത്തിയതോടെയാണ് തട്ടിപ്പ് സ്ഥാപനത്തിന്റെ മാനേജർ അറിയുന്നത്. സ്വർണം ഉടമകൾക്ക് തിരികെ നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ ജീവനക്കാരികളായ ഇരുവരും കടുത്ത മാനസിക സമ്മർദ്ദത്തിലായതായി അന്വേഷണത്തിൽ വ്യക്തമായി.
സ്വർണത്തിന്റെ യഥാർത്ഥ ഉടമസ്ഥരും സ്ഥാപന ഉടമയും മാനേജരും സംഭവവിവരം അറിഞ്ഞതിന് പിന്നാലെയാണ് അഞ്ചുവും സുഹൃത്തായ ഐശ്വര്യയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ അറസ്റ്റിലായ പനങ്ങോട് സ്വദേശി സിന്ധു നേരത്തെയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

