Home Keralaബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും തിരിച്ചടി; ആറുമാസത്തെ കാപ്പാ തടവ് ഉപദേശക സമിതി ശരിവച്ചു

ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും തിരിച്ചടി; ആറുമാസത്തെ കാപ്പാ തടവ് ഉപദേശക സമിതി ശരിവച്ചു

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും തിരിച്ചടി. സുഗതന് വിധിച്ച ആറുമാസത്തെ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു. നടപടിക്കെതിരെ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് സുഗതന് അവസരം. ഹൈക്കോടതിയും ഹർജി തള്ളിയാൽ സുഗതന് ജയിലിൽ തുടരേണ്ടിവരും. അതോടെ കോർപ്പറേഷൻ കൗൺസിലർ സ്ഥാനവും നഷ്ടമാകും.

വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. 2019 ഓഗസ്റ്റ് 25-ന് ഒരാളെ കല്ലുകൊണ്ട് ആക്രമിച്ച് മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം നടത്തിയെന്ന കേസും, 2023 ജൂലൈ 20-ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങളും വീടും തകർത്ത കേസും, 2023 ജൂലൈ 17-ന് ഭർത്താവിനോടുള്ള വൈരാഗ്യത്തെ തുടർന്ന് ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച കേസും ഇയാൾക്കെതിരെയുണ്ട്.

ഇതിന് പുറമെ, 2025 മാർച്ച് 14-ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച മനപ്പൂർവമല്ലാത്ത നരഹത്യാശ്രമ കേസ്, 2025 ജൂലൈ 25-ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിനെ തുടർന്ന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്നത്തെ എംഎൽഎ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടന ചടങ്ങ് തടസപ്പെടുത്തിയെന്ന കേസ് എന്നിവയും സുഗതനെതിരെ നിലവിലുണ്ട്.

ഈ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വാഴോട്ടുകോണം ഡിവിഷനിൽ ആർ. സുഗതനെ സ്ഥാനാർഥിയാക്കിയത്.

You may also like