കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ശക്തമാകുന്നു. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് ബഹ്റൈനിൽ ബുധനാഴ്ച രാവിലെ തുടർച്ചയായി രണ്ടാം തവണയും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം നേരിടുകയാണെന്ന് കുവൈത്ത് സൈന്യവും അറിയിച്ചു.
യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടെന്ന് ഇറാൻ
ബഹ്റൈനിലെ യുഎസിന്റെ ഫിഫ്ത് നേവൽ ഡിസ്ട്രിക്റ്റും കുവൈത്തിലെ അലി അൽ സാലം എയർ ബേസും ലക്ഷ്യമിട്ടാണ് സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. തങ്ങളുടെ സൈനിക നീക്കത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ച യുഎസിന്റെ അത്യാധുനിക ‘എക്യു-9’ റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു.
യുഎസ് ആക്രമണത്തിന് പിന്നാലെ തിരിച്ചടി
ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസ് സെൻട്രൽ കമാൻഡ് ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടൊപ്പം ഇറാനിൽ നിന്നുള്ള എണ്ണ വിൽപ്പനയ്ക്കുള്ള അനുമതിയും യുഎസ് റദ്ദാക്കി.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, ആന്റി-ഷിപ്പ് ക്രൂസ് മിസൈൽ താവളങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് യുഎസ് യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ 60-ലധികം ചെറുബോട്ടുകളും ആക്രമണത്തിൽ നശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ്, ഖേഷ്ം ഐലൻഡ്, സിരിക്, ബന്ദർ അബ്ബാസ് എന്നീ പ്രദേശങ്ങളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിരിക്കിലെ വാണിജ്യ തുറമുഖത്ത് പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
‘വെടിനിർത്തൽ കരാർ ലംഘിച്ചു’
യുഎസ് നടത്തിയ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനവും നഗ്നമായ അധിനിവേശവുമാണെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് ആരോപിച്ചു. ഇതിന് ശക്തമായ മറുപടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.
‘ഭീഷണിപ്പെടുത്തലിന്റെയും ചൂഷണത്തിന്റെയും കാലം കഴിഞ്ഞു, ഞങ്ങൾ കീഴടങ്ങില്ല’ എന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
കഴിഞ്ഞ മാസം യുഎസും ഇറാനും തമ്മിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ ഇതോടെ ലംഘിക്കപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. മേഖലയിലെ കപ്പൽഗതാഗത സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഇറാന്റെ നടപടികൾക്ക് വലിയ വില നൽകേണ്ടിവരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായി.

