കൽപ്പറ്റ: വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (ജിഎസ്ഐ) നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചതായി റിപ്പോർട്ട്. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ജിഎസ്ഐ 2026 ജൂൺ 14-ന് നൽകിയ റിപ്പോർട്ടാണ് നിർമാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോൺ അവഗണിച്ചതെന്നാണ് വിവരം. ജിഎസ്ഐ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്.
ജിഎസ്ഐ റിപ്പോർട്ടിൽ സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് വിള്ളൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. റോക്ക് നെയിലിംഗ് നടത്തേണ്ട സ്ഥലത്ത് സോയിൽ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കൂടാതെ, വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്നതിനുള്ള മതിയായ ദ്വാരങ്ങൾ (വീപ്പ് ഹോൾസ്) ഒരുക്കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.
ജിഎസ്ഐ നൽകിയ മുന്നറിയിപ്പുകളും നിർദേശങ്ങളും പാലിക്കാതിരുന്നതാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടിയതെന്നാണ് റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.

