Home Keralaഅനസ്‌തേഷ്യയ്ക്കിടെ ഹൃദയാഘാതം; രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ, ചികിത്സാപ്പിഴവെന്ന് കുടുംബം; ആരോപണം നിഷേധിച്ച് ആശുപത്രി

അനസ്‌തേഷ്യയ്ക്കിടെ ഹൃദയാഘാതം; രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ, ചികിത്സാപ്പിഴവെന്ന് കുടുംബം; ആരോപണം നിഷേധിച്ച് ആശുപത്രി

by news_desk1
0 comments

കണ്ണൂർ: പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയുമായി കുടുംബം. ചുണ്ടിന് മുറിവേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച രണ്ടുവയസുകാരൻ നിലവിൽ വെന്റിലേറ്ററിലാണ്. എരമം സ്വദേശിയായ കുട്ടിക്കാണ് ചികിത്സ തുടരുന്നത്.

കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ വേദനയെത്തുടർന്ന് കുട്ടി കരഞ്ഞതോടെ അനസ്‌തേഷ്യ നൽകാൻ തീരുമാനിക്കുകയായിരുന്നു. അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനായെന്നും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

ആശുപത്രിയിൽ നിന്ന് വലിയ അളവിൽ അനസ്‌തേഷ്യ നൽകിയതാണ് കുട്ടിയുടെ നില ഗുരുതരമാകാൻ കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര ചികിത്സാപ്പിഴവ് സംഭവിച്ചുവെന്നും കുടുംബം ആരോപിച്ചു.

അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. അനസ്‌തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതായും ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി ആവശ്യമായ പരമാവധി ചികിത്സ നൽകിയതായും ആശുപത്രി വിശദീകരിച്ചു.

അനസ്‌തേഷ്യ ഏത് ഡോസിൽ നൽകിയാലും ചില സാഹചര്യങ്ങളിൽ അപകടസാധ്യത ഉണ്ടാകാമെന്നും, കുട്ടിക്ക് ആവശ്യമായ എല്ലാ ചികിത്സയും നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

You may also like