ദില്ലി: സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ. ജഡ്ജിമാർക്ക് മുന്നിൽ പ്രകോപനം സൃഷ്ടിച്ച ഹർജിക്കാരനെ സുരക്ഷാ ജീവനക്കാർ കോടതിമുറിയിൽ നിന്ന് പുറത്താക്കി.
ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധേ എന്നിവരുടെ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം. അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹർജിക്കാരൻ അക്രമാസക്തനായത്.
നേരിട്ട് ഹാജരായ ഹർജിക്കാരൻ വാദം അവതരിപ്പിക്കുന്നതിനിടെ ജഡ്ജിമാർക്കെതിരെ അസഭ്യവർഷം നടത്തുകയും കേസ് ഫയൽ കീറിയെറിയുകയും ചെയ്തു. ലഖ്നൗ എ.സി.പിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട്, “ഞാൻ നിങ്ങളോട് ഉത്തരവിടുന്നു” എന്ന രീതിയിലും ഇയാൾ പ്രതികരിച്ചു.
തുടർന്ന് കേസ് ഫയൽ വലിച്ചെറിഞ്ഞ് കോടതി നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. സുരക്ഷാ ജീവനക്കാർ ഉടൻ ഇടപെട്ട് ഹർജിക്കാരനെ കോടതിമുറിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

