ടെഹ്റാൻ: ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി മുന്നറിയിപ്പ് നൽകി. ഓരോ ശത്രുവിനുമെതിരെയും പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും, താൻ ഉൾപ്പെടെയുള്ള നേതൃത്വം ഇല്ലാതായാലും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ അമേരിക്കൻ ഉപരോധങ്ങളും ആയത്തുല്ല അലി ഖമനെയിയുടെ വധവും നടന്നതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
രണ്ട് യുദ്ധങ്ങളിലായി ഇറാന്റെ നേതാക്കളെ വധിച്ചവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും, ആഗോള തലത്തിൽ ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറുള്ളവർ ഉണ്ടാകുമെന്നും മുജ്തബ ഖമനെയി വ്യക്തമാക്കി. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ആയത്തുല്ല അലി ഖമനെയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മേഖലയിൽ വ്യാപക സംഘർഷമാണ് രൂപപ്പെട്ടത്.
ഇറാനെതിരെ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുജ്തബയുടെ പ്രതികരണം. പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ അലി അൻസാരിയെയും മറ്റ് 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തിയത്. ഇറാൻ ഭരണനേതൃത്വത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യു.എസ്. ട്രഷറി വകുപ്പ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ഐ.ആർ.ജി.സി.യ്ക്ക് സാമ്പത്തിക സഹായം നൽകിയെന്നാണ് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി അലി അൻസാരിക്കെതിരായ ആരോപണം. നേരത്തെ ബ്രിട്ടനും അൻസാരിക്കെതിരെ സമാനമായ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പൊതുപണം ദുരുപയോഗം ചെയ്ത് വിദേശ രാജ്യങ്ങളിൽ വൻതോതിൽ റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപങ്ങൾ നടത്തിയെന്നാണ് അമേരിക്കയുടെ ആരോപണം.
യു.എസ്. ഉപരോധങ്ങൾ മറികടന്ന് ഇറാനിയൻ ബാങ്കുകൾക്കായി കോടിക്കണക്കിന് ഡോളറിന്റെ വിദേശ നാണ്യ ഇടപാടുകൾ നടത്തിയതായി ആരോപണമുള്ള മൂന്ന് മണി എക്സ്ചേഞ്ച് ഹൗസുകളെയും അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്. ഹോങ്കോംഗും യു.എ.ഇയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദേശ ഷെൽ കമ്പനികളെയും യു.എസ്. ട്രഷറി വകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.
ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് പുതിയ ഉപരോധങ്ങളുടെ ലക്ഷ്യമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.

