Home Kerala‘ചിക്കൻകറി കൂടുതൽ കഴിച്ചെന്ന് പറഞ്ഞ് വഴക്ക്; സ്ത്രീധനവും ജാതിയും പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു’: മരിച്ച കാവ്യയുടെ കുടുംബത്തിന്റെ ഗുരുതര ആരോപണം

‘ചിക്കൻകറി കൂടുതൽ കഴിച്ചെന്ന് പറഞ്ഞ് വഴക്ക്; സ്ത്രീധനവും ജാതിയും പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു’: മരിച്ച കാവ്യയുടെ കുടുംബത്തിന്റെ ഗുരുതര ആരോപണം

by news_desk1
0 comments

തിരുവനന്തപുരം: ശ്രീകാര്യത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കാവ്യയുടെ കുടുംബം. വിവാഹശേഷം മുതൽ ജാതിയും സ്ത്രീധനവും പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭർത്താവ് വിഷ്ണുവിന്റെ അമ്മയുടെ പീഡനമാണ് കാവ്യയുടെ മരണത്തിന് കാരണമായതെന്നും ഭർത്താവ് അമ്മയുടെ വാക്കുകൾ മാത്രമാണ് കേട്ടിരുന്നതെന്നും കുടുംബം പറയുന്നു.

മരിച്ച കാവ്യയുടെ അമ്മയുടെ വാക്കുകൾ പ്രകാരം, വിവാഹം കഴിഞ്ഞത് മുതൽ വീട്ടിൽ നിരന്തര വഴക്കായിരുന്നു. ജാതി പറഞ്ഞും സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ചും കാവ്യയെ അധിക്ഷേപിച്ചിരുന്നുവെന്നാണ് അവർ പറയുന്നത്. മകൾക്ക് ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞിട്ടില്ലെന്നും രണ്ടുമാസം മുൻപാണ് അവസാനമായി വീട്ടിലെത്തിയതെന്നും അമ്മ പറഞ്ഞു.

പലപ്പോഴും കാവ്യയെ പട്ടിണിക്കിട്ടിരുന്നുവെന്നും ഭക്ഷണം തയ്യാറാക്കാൻ പോലും അനുവദിക്കാറില്ലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മയാണ് എല്ലാ പ്രശ്നങ്ങൾക്കും പിന്നിലെന്നും വിഷ്ണു അമ്മയുടെ നിലപാടുകൾക്കൊപ്പമാണ് നിന്നിരുന്നതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസവും വീട്ടിൽ വഴക്കുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ചിക്കൻകറി കൂടുതൽ കഴിച്ചെന്ന കാര്യം പറഞ്ഞായിരുന്നു വഴക്കുണ്ടായത്. തുടർന്ന് കുളിമുറിയിൽ കയറിയ കാവ്യ ഫോൺ വഴി ഇക്കാര്യം വീട്ടുകാരെ അറിയിച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് അമ്മ പറഞ്ഞു.

കാവ്യയുടെ സഹോദരൻ ശ്യാമും സമാന ആരോപണങ്ങളാണ് ഉന്നയിച്ചത്. വിഷ്ണുവിന്റെ അമ്മയുടെ പീഡനം സഹിക്കാനാവാതെയാണ് കാവ്യയും ഭർത്താവും മക്കളുമൊത്ത് നേരത്തെ നാടുവിട്ടതെന്നും പിന്നീട് പൊലീസ് കണ്ടെത്തി തിരികെ കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജാതി പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും, ഭർത്താവ് നായർ വിഭാഗത്തിൽപ്പെട്ട ആളാണെന്നും തങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണെന്ന് ചൂണ്ടിക്കാട്ടി അപമാനിച്ചിരുന്നുവെന്നുമാണ് ശ്യാമിന്റെ ആരോപണം. കാവ്യയെ ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് ശ്രീകാര്യം സ്വദേശിനിയായ കാവ്യ (30)യെ ഭർത്താവ് വിഷ്ണുവിന്റെ വിളവൂർക്കൽ തെങ്ങത്താങ്കോട് ഉള്ള വീട്ടിൽ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എട്ടുവർഷം മുൻപാണ് കാവ്യയും വിഷ്ണുവും വിവാഹിതരായത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് മക്കളുമൊത്ത് നാടുവിട്ടിരുന്ന ഇരുവരെയും പിന്നീട് പൊലീസ് കണ്ടെത്തി തിരികെ കൊണ്ടുവന്നിരുന്നു. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like