Home Kerala‘ഇത് മനുഷ്യത്വരഹിതം’; ഡോ. എം.കെ. റാമിന് തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

‘ഇത് മനുഷ്യത്വരഹിതം’; ഡോ. എം.കെ. റാമിന് തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

by news_desk1
0 comments

ദില്ലി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന് തിരിച്ചടി. ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച സുപ്രീംകോടതി, അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ കടുത്ത വിമർശനങ്ങളും ഉന്നയിച്ചു.

ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദ്യാർത്ഥികളോട് ഒരു അധ്യാപകൻ ഇത്തരത്തിലാണോ പെരുമാറേണ്ടതെന്ന് ഡോ. റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു.

നിതിൻ രാജിനെ ക്ലാസ് മുറിക്കുള്ളിൽ സഹപാഠികളുടെ മുന്നിൽ അധിക്ഷേപിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ പൊതുവേദിയിൽ അപമാനിക്കപ്പെടുന്ന വിദ്യാർത്ഥിയുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഇത്തരം പെരുമാറ്റത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അധ്യാപകന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.

‘മനുഷ്യത്വരഹിതം’ എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നതെന്ന് കോടതി പരാമർശിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ പ്രത്യാഘാതം അധ്യാപകർ മനസ്സിലാക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു ഡോ. റാമിന്റെ അഭിഭാഷകന്റെ വാദം. സംഭവത്തിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പാഠം പഠിച്ചുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഡോ. റാം കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

You may also like