Home Nationalഫ്ലാറ്റിൽ യുവതി കുത്തേറ്റ് മരിച്ച നിലയിൽ; യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ, ഒരേ കമ്പനിയിലെ എൻജിനീയർമാർ

ഫ്ലാറ്റിൽ യുവതി കുത്തേറ്റ് മരിച്ച നിലയിൽ; യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ, ഒരേ കമ്പനിയിലെ എൻജിനീയർമാർ

by news_desk1
0 comments

ന്യൂഡൽഹി: ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന രണ്ട് സോഫ്റ്റ്‌വെയർ എൻജിനീയർമാരെ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുഗ്രാമിലെ ഒപ്റ്റം കമ്പനിയിലെ ജീവനക്കാരായ ഉത്തർപ്രദേശ് സ്വദേശിനി ഇൻഷാറ അയ്യൂബി (25), ഛത്തീസ്ഗഢ് സ്വദേശി ശ്രേസ്ത് മാലിക് (25) എന്നിവരാണ് മരിച്ചത്.

ഇൻഷാറ അയ്യൂബിയെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ച നിലയിലും, മാലിക്കിന്റെ മൃതദേഹം റെയിൽവേ ട്രാക്കിലുമാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും ഗുരുഗ്രാമിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ആദ്യം പി.ജി ഹോസ്റ്റലിൽ താമസിച്ചിരുന്ന ഇൻഷാറ, ഈ മാസം ഒന്നുമുതൽ സെക്ടർ 55-ലെ മാലിക്കിന്റെ പേരിലുള്ള ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു.

കഴിഞ്ഞ ദിവസം ഇൻഷാറയെ ബന്ധുക്കൾ നിരന്തരം ഫോണിൽ വിളിച്ചിട്ടും ലഭിക്കാതിരുന്നതിനെ തുടർന്ന് അവർ ഗുരുഗ്രാം പൊലീസിനെ വിവരം അറിയിച്ചു. ടവർ ലൊക്കേഷൻ പരിശോധിച്ച് പൊലീസ് ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽ തുറന്ന നിലയിലായിരുന്നു. അകത്ത് കയറിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.

യുവതിയുടെ ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നുവെന്നും കഴുത്തറുത്ത നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. മൃതദേഹത്തിന് ഏകദേശം 24 മണിക്കൂറിലധികം പഴക്കമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇതിനിടെയാണ് റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി റെയിൽവേ പൊലീസിൽ നിന്ന് വിവരം ലഭിച്ചത്. മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന മൊബൈൽ ഫോണും തിരിച്ചറിയൽ രേഖകളും പരിശോധിച്ചാണ് മരിച്ചത് ശ്രേസ്ത് മാലിക്കാണെന്ന് സ്ഥിരീകരിച്ചത്.

ആദ്യം അപകടമരണമെന്നാണ് കരുതിയതെങ്കിലും, ഇൻഷാറയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട ഇൻഷാറ അയ്യൂബി കഴിഞ്ഞ വർഷമാണ് ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടിയത്. ശ്രേസ്ത് മാലിക് എൻ.ഐ.ടി റായ്പുരിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഗുരുഗ്രാമിലെ ഒപ്റ്റം കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സാംസങ്ങിൽ ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ പിറന്നാൾ ആഘോഷിക്കാനായാണ് മാലിക്ക് അവസാനമായി നാട്ടിലെത്തിയതെന്നും ബന്ധുക്കൾ അറിയിച്ചു.

You may also like