Home Keralaമഞ്ചേരി മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച ആരോഗ്യവകുപ്പ് വാനിൽ വടിവാൾ; പൊലീസ് അന്വേഷണം തുടങ്ങി

മഞ്ചേരി മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച ആരോഗ്യവകുപ്പ് വാനിൽ വടിവാൾ; പൊലീസ് അന്വേഷണം തുടങ്ങി

by news_desk1
0 comments

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി കിടന്നിരുന്ന ആരോഗ്യവകുപ്പിന്റെ മിനി വാനിൽ നിന്ന് വടിവാൾ കണ്ടെത്തി. ഒ.പി. ബ്ലോക്കിന് മുന്നിൽ കട്ടപ്പുറത്തായി നിർത്തിയിട്ടിരുന്ന വാനിന്റെ സീറ്റിനടിയിലാണ് വടിവാൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

48 സെന്റീമീറ്റർ നീളവും മൂന്നര സെന്റീമീറ്റർ വീതിയുമുള്ള വടിവാളിന്റെ മൂർച്ചയുള്ള ഭാഗം തുരുമ്പെടുത്ത നിലയിലായിരുന്നു.

ആശുപത്രിയിലെത്തിയ ഒരാളാണ് വാനിനകത്തേക്ക് നോക്കുന്നതിനിടെ സീറ്റിനടിയിൽ വടിവാൾ കണ്ടത്. തുടർന്ന് ഇയാൾ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയും ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

മഞ്ചേരി പൊലീസ് സ്ഥലത്തെത്തി വടിവാൾ കസ്റ്റഡിയിലെടുത്തു. മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിച്ച നിലയിലായിരുന്ന വടിവാൾ ഏതെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയുടെ വകുപ്പ് 106 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വടിവാൾ കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

You may also like