Home Top Storiesപിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണം; വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപി നിർദേശം, രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട്

പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണം; വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപി നിർദേശം, രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട്

by news_desk1
0 comments

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നിർദേശം നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്നും അതിവേഗത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്‌ഐടിയുടെ നീക്കം. പരീക്ഷാ രേഖകൾ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് അന്വേഷണസംഘം കത്തും നൽകിയിട്ടുണ്ട്.

ഇതിനകം പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്‌ഐടിക്ക് 20 പരാതികളാണ് ലഭിച്ചത്. കെഎഎസ്, ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷകളിലെ ക്രമക്കേടുകളാണ് ആദ്യം അന്വേഷിക്കുന്നത്. പരാതി നൽകിയ ഉദ്യോഗാർഥികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടിയും പുരോഗമിക്കുകയാണ്.

പരാതി നൽകുന്ന മുഴുവൻ ഉദ്യോഗാർഥികളുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുന്നതിൽ അന്തിമ തീരുമാനമെടുക്കുക.

ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ് പരീക്ഷകളിൽ ഉൾപ്പെടെ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് ഉയർന്നത്. സമാന തസ്തികകളിലേക്കുള്ള മുൻ അഭിമുഖങ്ങൾ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷ, ഹോട്ടൽ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ നിയമന പരീക്ഷ എന്നിവയിലും ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതായി കണ്ടെത്തിയിരുന്നു. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനവും നടത്തിയിരുന്നു. തുടർന്ന് ഒരു ഉദ്യോഗാർഥി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് പിഴവ് പിഎസ്‌സി സമ്മതിച്ചത്. അഭിമുഖത്തിൽ സുപ്രീംകോടതി നിർദേശങ്ങൾ ലംഘിച്ച് അമിത മാർക്ക് നൽകിയെന്ന ആരോപണവും ഉയർന്നിരുന്നു.

പരാതികൾ വ്യാപകമായതോടെയാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എഡിജിപി എച്ച്. വെങ്കിടേഷിനാണ് മേൽനോട്ട ചുമതല. ഒരു എസ്‌പിയും ഡിവൈഎസ്‌പിയും ഇൻസ്‌പെക്ടറും ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.

പ്ലാനിംഗ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ, ഡിവൈഎസ്‌പി സ്പെഷ്യൽ റിക്രൂട്ട്മെന്റ്, കെഎഎസ് പരീക്ഷ എന്നിവയാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കേണ്ട പരീക്ഷകളായി അന്വേഷണസംഘം പട്ടികപ്പെടുത്തിയിരിക്കുന്നത്.

You may also like