കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ ഡോ. എം.കെ. റാം അറസ്റ്റിൽ. കുടകിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. തുടർന്ന് ഡോ. റാമിനെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.
പ്രതിയെ കണ്ടെത്തുന്നതിനായി നേരത്തെ അന്വേഷണ സംഘം ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെത്തിയിരുന്നെങ്കിലും, അവിടെ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഡോ. റാമിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചത്.
കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്ന ഡോ. റാമിന്റെ ഹർജി തള്ളപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. അതിന് ശേഷമാണ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ച പൊലീസ് ഒടുവിൽ കുടകിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
