ടെഹ്റാൻ: ഇറാന് നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണം പത്താം ദിവസവും ശക്തമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീപിടിച്ചതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടതായി വിവരങ്ങളുണ്ട്.
അമേരിക്ക ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് വഴി എണ്ണക്കപ്പലുകൾ കടത്തിവിടില്ലെന്ന നിലപാടാണ് ഇറാൻ ആവർത്തിക്കുന്നത്. കുവൈത്തിലെ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടിയുണ്ടാക്കിയതായി ഇറാൻ അവകാശപ്പെട്ടു.
അതേസമയം, ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ മേഖലകളെയാണ് അമേരിക്കൻ സേന ലക്ഷ്യമിട്ടതെന്നാണ് വിവരം.
ഇതിന് പിന്നാലെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ശക്തമായ പ്രത്യാക്രമണം നടത്തിയതായി അറിയിച്ചു. ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് തിരിച്ചടിയെന്നാണ് ഐ.ആർ.ജി.സി വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അമേരിക്ക തുടർച്ചയായി വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇറാന്റെ സ്വാധീനം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ജോർദാനിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതായി യു.എസ് സ്ഥിരീകരിച്ചു. ഇറാഖിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാസം ഒപ്പുവെച്ച താത്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്കയും സാമ്പത്തിക അനിശ്ചിതത്വവും ശക്തമായിരിക്കുകയാണ്. ലോകത്തിലെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം കാര്യമായി ബാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 88 ഡോളർ പിന്നിട്ടതായും, അമേരിക്കയിൽ പെട്രോൾ വില ഗാലന് നാല് ഡോളറിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ യുദ്ധഭീതി വർധിക്കുന്നതിനിടെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി ഇറാൻ ആഭ്യന്തരമന്ത്രി പാകിസ്ഥാനിലേക്ക് തിരിച്ചതായും വിവരങ്ങളുണ്ട്.
