കൊച്ചി: തോപ്പുംപടിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മുൻ കാഷ്യറും മുൻ ജീവനക്കാരനും അറസ്റ്റിൽ. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശിനി സനമോൾ എം.എ. (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരെയാണ് തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സ്ഥാപനത്തിലെ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ, ദിവസേന ക്യാഷ് കൗണ്ടറിൽ നിന്ന് പണം അപഹരിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ തുക കൂട്ടുപ്രതിയായ രഞ്ജുവിന് കൈമാറുകയും പിന്നീട് ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയുമായിരുന്നു.
സൂപ്പർമാർക്കറ്റിലെ വിൽപ്പനയും ലഭിച്ച വരുമാനവും തമ്മിൽ വലിയ അന്തരം കണ്ടെത്തിയതോടെയാണ് സ്ഥാപന ഉടമയ്ക്ക് സനമോളിൽ സംശയം തോന്നിയത്. തുടർന്ന് നിരീക്ഷണം ശക്തമാക്കി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തട്ടിപ്പ് പുറത്തായ വിവരം അറിഞ്ഞതോടെ സനമോൾ വിദേശത്തേക്ക് കടന്നിരുന്നു. പൊലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നേപ്പാൾ വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊച്ചിയിലെത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് ഇരുവരും പിടിയിലായത്.
