ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വലിയചുടുകാട്ടിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ അദ്ദേഹത്തെ അനുസ്മരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും നിരവധി പ്രവർത്തകരും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ സംസാരിച്ച പിണറായി വിജയൻ, “വി.എസിന് പകരക്കാരനായി വി.എസ് മാത്രമേയുള്ളൂ” എന്ന് പറഞ്ഞു. പാർട്ടിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ വി.എസ് നൽകിയ നേതൃത്വം നിർണായകമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. വി.എസ് വിടപറഞ്ഞ ഒരു വർഷക്കാലം പാർട്ടിക്കും നാടിനും ജനങ്ങൾക്കും പ്രയാസങ്ങളുടെ കാലമായിരുന്നുവെന്നും, കേരളത്തിൽ പലരിലും അസ്വസ്ഥത നിലനിൽക്കുന്നതായും ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ അതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി സമരത്തെ പരാമർശിച്ച് കേന്ദ്രത്തിന് വിമർശനം
അനുസ്മരണ പ്രസംഗത്തിൽ ദില്ലിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭവും പിണറായി വിജയൻ പരാമർശിച്ചു. തുടക്കത്തിൽ ബി.ജെ.പി സർക്കാർ പ്രതിഷേധങ്ങളെയും നിരാഹാര സമരങ്ങളെയും നിസ്സാരമായി കണ്ടെങ്കിലും, സമരം ശക്തമായതോടെ ഒടുവിൽ ചർച്ചയ്ക്ക് വഴങ്ങേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്നും, ആർ.എസ്.എസ് നയിക്കുന്ന ഭരണകൂടത്തിന് ഭരണഘടനയെ അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
യുഡിഎഫ് സർക്കാരിനും വിമർശനം
സംസ്ഥാനത്തെ നിലവിലെ യുഡിഎഫ് സർക്കാരിനെയും പിണറായി വിജയൻ വിമർശിച്ചു. മുൻ എൽ.ഡി.എഫ് സർക്കാർ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായി നിലകൊണ്ടപ്പോൾ, കേന്ദ്രവുമായി ഏറ്റുമുട്ടാൻ താൽപര്യമില്ലാത്ത സമീപനമാണ് ഇപ്പോഴത്തെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “കേന്ദ്രത്തിനെതിരെ അരയക്ഷരം മിണ്ടാൻ പോലും യുഡിഎഫ് തയ്യാറാകുന്നില്ല” എന്നും അദ്ദേഹം പറഞ്ഞു.
സി.എ.ജി റിപ്പോർട്ട് പുറത്തുവന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് യുഡിഎഫ് ഉയർത്തിയിരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
