Home Top Stories‘സംവാദമല്ല, അടിച്ചമർത്തലിലാണ് സർക്കാരിന്റെ മുൻഗണന’; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി, കേന്ദ്രത്തിനെതിരെ സോണിയയും

‘സംവാദമല്ല, അടിച്ചമർത്തലിലാണ് സർക്കാരിന്റെ മുൻഗണന’; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി, കേന്ദ്രത്തിനെതിരെ സോണിയയും

by news_desk1
0 comments

ന്യൂഡൽഹി: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിന്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും സാമൂഹിക പ്രവർത്തകർക്കും പിന്നാലെ വിദ്യാർഥികളോടും അതേ സമീപനമാണ് തുടരുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചു.

വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർത്തുവെന്നും വിദ്യാർഥി പ്രതിഷേധം സർക്കാരിന്റെ യഥാർഥ മുഖം തുറന്നുകാട്ടിയെന്നും അവർ പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം പ്രതിപക്ഷം ഉറച്ചുനിൽക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

അതേസമയം, വിദ്യാർഥികളുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും വിദ്യാർഥികളെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.

സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നാണ് സിജെപിയുടെ നിലപാട്. സോനം വാങ്ചുക്കിന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നന്ദി അറിയിച്ചു.

രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്തിയ പോരാട്ടമാണ് വാങ്ചുക്ക് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിൽ ആശ്വാസവും നന്ദിയുമുണ്ടെന്നും സ്വന്തം ജീവൻ പണയംവെച്ച് നടത്തിയ പോരാട്ടത്തിന് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും ദിപ്കെ കൂട്ടിച്ചേർത്തു.

ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കൊക്ക്റോച്ച് ജനതാ പാർട്ടി അറിയിച്ചു. ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിനും സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിലടക്കം പ്രതിഷേധം സംഘടിപ്പിക്കും.

സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷയും നിയന്ത്രണങ്ങളും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഗാന്ധി സ്മൃതിയിലേക്ക് നടത്തിയ മാർച്ചിന് പിന്നാലെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പാർലമെന്റിലും പ്രതിഷേധം തുടരുമെന്നാണ് വിവരം.

You may also like