Home Keralaജയിൽ സുരക്ഷയിൽ സാങ്കേതിക വിപ്ലവത്തിന് തുടക്കം; വിയ്യൂർ സെൻട്രൽ ജയിലിൽ ഡ്രോൺ നിരീക്ഷണത്തിന്റെ പരീക്ഷണ ഓട്ടം വിലയിരുത്തി മന്ത്രി രമേശ് ചെന്നിത്തല

ജയിൽ സുരക്ഷയിൽ സാങ്കേതിക വിപ്ലവത്തിന് തുടക്കം; വിയ്യൂർ സെൻട്രൽ ജയിലിൽ ഡ്രോൺ നിരീക്ഷണത്തിന്റെ പരീക്ഷണ ഓട്ടം വിലയിരുത്തി മന്ത്രി രമേശ് ചെന്നിത്തല

by news_desk1
0 comments

തൃശൂർ: കേരള ജയിൽ വകുപ്പിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജയിൽ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ ഡ്രോൺ സർവൈലൻസ് സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രയൽ റൺ സംഘടിപ്പിച്ചു. ട്രയൽ റൺ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തി വിലയിരുത്തി.

കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പ്രിസൺസ് എസ്. സജീവ് എന്നിവരും മുതിർന്ന ജയിൽ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രവർത്തനരീതി, സുരക്ഷാ സാധ്യതകൾ, അടിയന്തര സാഹചര്യങ്ങളിലെ പ്രയോജനം എന്നിവയുടെ വിശദമായ അവതരണവും തത്സമയ പ്രദർശനവും നടന്നു.

139 ഏക്കർ വിസ്തൃതിയിലുള്ള വിയ്യൂർ ജയിൽ കോംപ്ലക്സിൽ സെൻട്രൽ പ്രിസൺ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയിൽ, ജില്ലാ ജയിൽ, സബ് ജയിൽ എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 1,700 മുതൽ 2,000 വരെ തടവുകാരെ പാർപ്പിക്കുന്ന ഈ കോംപ്ലക്സിൽ ചുറ്റുമതിലുകളുടെ അഭാവം, മരങ്ങൾ നിറഞ്ഞ ഭൂപ്രകൃതി, ജീവനക്കാരുടെ പരിമിതമായ എണ്ണം തുടങ്ങിയ ഘടകങ്ങൾ സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് ഡ്രോൺ സംവിധാനത്തിന്റെ സാധ്യതകൾ വിലയിരുത്തിയത്.

ജയിൽചാട്ടശ്രമങ്ങൾ, ജയിൽ പരിസരത്തേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ, മതിലുകൾക്കും മരങ്ങൾക്കും മുകളിലൂടെ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ അതിവേഗം കണ്ടെത്തുന്നതിനും ആവശ്യമായ സാഹചര്യങ്ങളിൽ ഉടൻ പ്രതികരിക്കുന്നതിനും ഡ്രോൺ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുമെന്ന് വിലയിരുത്തി. മനുഷ്യവിഭവശേഷിക്കൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങൾ സംയോജിപ്പിച്ച് ജയിൽ സുരക്ഷയും അച്ചടക്കവും കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഡ്രോൺ സാങ്കേതികവിദ്യയ്ക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) അധിഷ്ഠിത സി.സി.ടി.വി. വിശകലന സംവിധാനവും പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. സംശയാസ്പദമായ ചലനങ്ങൾ, അസാധാരണ സംഭവങ്ങൾ, സുരക്ഷാ ഭീഷണികൾ എന്നിവ അതിവേഗം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന സാങ്കേതികവിദ്യയുടെ സാധ്യതകളും പരിപാടിയിൽ വിശദീകരിച്ചു.

കേരള ജയിൽ വകുപ്പിന്റെ നവീകരണ പ്രവർത്തനങ്ങളിലെ നിർണായക ചുവടുവയ്പ്പായാണ് ഈ ട്രയൽ റൺ വിലയിരുത്തപ്പെടുന്നത്. പരീക്ഷണം വിജയകരമായതോടെ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും സമാന സാങ്കേതിക സംവിധാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു.

ഡ്രോൺ സംവിധാനത്തിന്റെ സാങ്കേതിക സവിശേഷതകൾ

ഫെഡറേഷൻ ഓഫ് എയറോസ്പേസ് എൻജിനീയേഴ്‌സ് ആൻഡ് റോബോട്ടിക്സ് ഇന്നൊവേഷൻസ് (FAERI) എന്ന ചാരിറ്റബിൾ ട്രസ്റ്റാണ് ഡ്രോൺ സംവിധാനത്തിന്റെ ട്രയൽ റൺ നടത്തിയത്. കുട്ടികളിലെ ശാസ്ത്ര-സാങ്കേതിക കഴിവുകൾ ചെറുപ്രായത്തിൽ കണ്ടെത്തി പരിശീലനവും മാർഗനിർദേശവും നൽകി ഭാവിയിലെ സാങ്കേതിക വിദഗ്ധരായി വളർത്തിയെടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

ജയിൽ സംവിധാനത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിച്ച് വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിനെ രാജ്യത്തെ ഏറ്റവും സുരക്ഷിതവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ ജയിലുകളിലൊന്നാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ഘട്ടംഘട്ടമായി നടപ്പാക്കാൻ ലക്ഷ്യമിടുന്ന പ്രധാന സാങ്കേതിക സംവിധാനങ്ങൾ:

  • Satellite Image Integration (Aerospace Technology): ജയിൽ പരിസരത്തിന്റെ വിശാലവും കൃത്യവുമായ നിരീക്ഷണത്തിന്.
  • Robotics: സുരക്ഷാ പ്രവർത്തനങ്ങളിൽ റോബോട്ടിക് സംവിധാനങ്ങളുടെ പ്രയോജനം.
  • Artificial Intelligence (AI): ബുദ്ധിപരമായ നിരീക്ഷണവും സ്വയമേവ സുരക്ഷാ ഭീഷണി തിരിച്ചറിയലും.
  • Thermal Imaging Night Vision Drones: രാത്രികാല നിരീക്ഷണത്തിനും ഒളിഞ്ഞിരിക്കുന്ന വ്യക്തികളെ കണ്ടെത്തുന്നതിനും.

You may also like