Home Top Storiesനീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; നടപടിക്രമങ്ങൾ പരിഷ്കരിക്കാനും നിർദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; നടപടിക്രമങ്ങൾ പരിഷ്കരിക്കാനും നിർദേശം

by news_desk1
0 comments

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ)ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചു. ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

എൻടിഎയിലെ നിലവിലെ നടപടിക്രമങ്ങൾ സമഗ്രമായി പരിഷ്കരിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്നാലെ പരീക്ഷാ നടത്തിപ്പിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടൽ നടപടി ഉണ്ടായത്.

പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ, പിരിച്ചുവിട്ട 47 ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ കേന്ദ്ര സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, വിദ്യാർഥി സംഘടനയായ സിജെപി പ്രതിനിധികളും കേന്ദ്രസർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന കൂടിക്കാഴ്ചയിൽ സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരാണ് സിജെപിയെ പ്രതിനിധീകരിച്ചത്.

ചർച്ചയിൽ സിജെപി മൂന്ന് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

തുടർന്ന് നടത്തിയ പ്രതികരണത്തിൽ, ഈ ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതായി സിജെപി വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കേന്ദ്രം പിന്നീട് നിലപാട് അറിയിക്കുമെന്ന് അറിയിച്ചതായും സംഘടന പറഞ്ഞു.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന് പൂർണ പിന്തുണ നൽകാനും സമ്മർദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലുമാണ് ബി.ജെ.പി നേതൃത്വം തുടരുന്നതെന്നാണ് വിവരം.

You may also like