Home Keralaപട്ടാപ്പകൽ കവർച്ച മാത്രം; കുടുംബത്തോടൊപ്പം വാടകവീടുകളിൽ മാറിമാറി താമസം, ‘നീർക്കോലി’ അൽത്താഫ് പിടിയിൽ

പട്ടാപ്പകൽ കവർച്ച മാത്രം; കുടുംബത്തോടൊപ്പം വാടകവീടുകളിൽ മാറിമാറി താമസം, ‘നീർക്കോലി’ അൽത്താഫ് പിടിയിൽ

by news_desk1
0 comments

കോഴിക്കോട്: പട്ടാപ്പകൽ ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമാക്കി കവർച്ച നടത്തിയിരുന്ന എറണാകുളം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പ്രായിപ്പക്കര സ്വദേശിയും നിലവിൽ മുക്കം തൂങ്ങുംപുറയിലെ വാടകവീട്ടിൽ താമസിച്ചുവരികയുമായിരുന്ന ‘നീർക്കോലി’ എന്നറിയപ്പെടുന്ന അൽത്താഫാണ് പിടിയിലായത്.

കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷന് സമീപത്തെ വീട്ടിൽ പകൽസമയത്ത് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. വീടിന്റെ ടെറസ് വഴി അകത്ത് കടന്ന ഇയാൾ വാതിൽ തിക്കിത്തുറന്ന് അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നതായാണ് പൊലീസ് പറയുന്നത്. കോടഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വേനപ്പാറയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

വിവിധ ജില്ലകളിലായി മോഷണ കേസുകളിലും കഞ്ചാവ് കൈവശം വെച്ച കേസുകളിലും പ്രതിയാണ് അൽത്താഫ്. വിവിധ സ്ഥലങ്ങളിൽ വാടകവീടെടുത്ത് കുടുംബത്തോടൊപ്പം മാറിമാറി താമസിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് അറിയിച്ചു.

താമസിക്കുന്ന വീടിന്റെ സമീപ പ്രദേശങ്ങളിലെ ആളില്ലാത്ത വീടുകൾ പകൽസമയത്ത് നിരീക്ഷിച്ച് കവർച്ച നടത്തുകയാണ് പതിവ്. മോഷണത്തിലൂടെ ലഭിച്ച പണം ആഡംബര ജീവിതത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമാണ് ചെലവഴിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കോഴിക്കോട് സിറ്റി മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേവായൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

You may also like