തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പുതിയ ചരിത്രത്തിലേക്ക്. ഇതുവരെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിച്ചിരുന്ന വിഴിഞ്ഞത്ത് ഓഗസ്റ്റ് 18 മുതൽ കരമാർഗ ചരക്കുനീക്കത്തിനും തുടക്കമാകും. കസ്റ്റംസിന്റെ നിർണായക അനുമതി ലഭിച്ചതോടെയാണ് സമ്പൂർണ കയറ്റുമതി–ഇറക്കുമതി പ്രവർത്തനങ്ങൾക്ക് വഴി തുറന്നത്.
ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിനുള്ള അനുമതി ദേശീയപാത അതോറിറ്റിയിൽ നിന്ന് നേരത്തേ ലഭിച്ചിരുന്നു. ഇതിനായുള്ള ട്രയൽ റണ്ണും വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഓഗസ്റ്റ് 18-ന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് നേരിട്ട് കരമാർഗം ചരക്കുനീക്കം ആരംഭിക്കും.
നിലവിൽ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിൽ നിന്ന് മറ്റ് കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളിലെത്തിച്ച ശേഷമാണ് റോഡ് മാർഗം ചരക്കുനീക്കം നടന്നിരുന്നത്. പുതിയ സംവിധാനത്തോടെ വിഴിഞ്ഞത്ത് നിന്ന് നേരിട്ട് ചരക്കുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനാകും.
ഷിപ്പിംഗ് കമ്പനികൾക്കും ഏജന്റുമാർക്കും ടെർമിനൽ ഓപ്പറേറ്റർമാർക്കും രജിസ്ട്രേഷൻ ആരംഭിക്കാനാകും. തുറമുഖത്ത് ഇറക്കുന്ന ചരക്കുകൾ 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് കസ്റ്റംസ് നിർദേശം.
രാജ്യാന്തര ചരക്ക് കവാടമായി വിഴിഞ്ഞം വളരുന്നതോടെ ഗതാഗതച്ചെലവ് കുറയുകയും വിതരണ ശൃംഖല കൂടുതൽ ശക്തമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. തുറമുഖത്തിന്റെ സാമ്പത്തിക നേട്ടം സംസ്ഥാനത്തിന് നേരിട്ട് ലഭ്യമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഓഗസ്റ്റ് 18-ന് മിഷൻ സമുദ്ര ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. നിക്ഷേപകരടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും.
പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത വിഴിഞ്ഞം, ലോകോത്തര മാരിടൈം ഹബ്ബെന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ്.
