പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫിയിൽ ചരിത്രനേട്ടവുമായി കേരളം ഫൈനലിൽ പ്രവേശിച്ചു. കരുത്തരായ ചണ്ഡീഗഢിനെ 99 റൺസിന്റെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയാണ് കേരളം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ അഞ്ചാമത്തെ വിജയമാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചണ്ഡീഗഢിന്റെ ഇന്നത്തെ ഇന്നിങ്സ് 18.1 ഓവറിൽ വെറും 58 റൺസിന് അവസാനിക്കുകയായിരുന്നു.
ടോപ് ഓർഡർ ബാറ്റർമാരുടെ ഉത്തരവാദിത്തപരമായ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 44 റൺസ് നേടിയ വൈഷ്ണ എം.പിയാണ് ടീമിന്റെ ടോപ് സ്കോറർ. എ. അക്ഷയ 20 പന്തുകളിൽ നിന്ന് 32 റൺസും, സജന സജീവൻ 17 പന്തുകളിൽ നിന്ന് നിർണായകമായ 30 റൺസും കൂട്ടിച്ചേർത്തു. ആശ ശോഭന (11), സായൂജ്യ കെ.എസ്. (9) എന്നിവർ പുറത്താകാതെ നിന്നു.
158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചണ്ഡീഗഢ് ബാറ്റിങ് നിര കേരളത്തിന്റെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ പൂർണ്ണമായി തകർന്നു വീണു. നിരയിലെ മൂന്ന് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. നാല് പേർക്ക് അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല. വെറും 4 ഓവറിൽ ഒരു റൺ മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകൾ വീഴ്ത്തിയ നിയ നസ്നീന്റെ തകർപ്പൻ പ്രകടനമാണ് കേരള ബൗളിങ് നിരയുടെ കരുത്ത് കൂട്ടിയത്. മികച്ച പ്രകടനം കാഴ്ചവെച്ച നിയ നസ്നീൻ തന്നെയാണ് മാച്ച് ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. സൂര്യ സുകുമാർ, ആശ ശോഭന എന്നിവരും കേരളത്തിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.
