തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി എസ്. ശ്രീജിത്തിനെ നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി ശുപാർശ നൽകി. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി കൈമാറിയിരിക്കുകയാണ്. എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ, പട്ടികയിലെ അടുത്ത ഉദ്യോഗസ്ഥനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട സാഹചര്യമാണുള്ളത്.
1996 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരായ എസ്. ശ്രീജിത്തിനെയും വിജയ് സാക്കറെയെയും കഴിഞ്ഞ ഡിസംബറിൽ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി ഡിജിപി നിയമനത്തിനായി ശുപാർശ ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ശ്രീജിത്തിന്റെ പേരാണ് ചീഫ് സെക്രട്ടറി മുന്നോട്ടുവെച്ചിരിക്കുന്നത്.
ഈ മാസം 30-ന് ഫയർഫോഴ്സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവിലേക്കാണ് പുതിയ ഡിജിപിയെ നിയമിക്കേണ്ടത്. മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനം വന്നതിന് ശേഷമായിരിക്കും നിയമനവുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുക.
