11
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. പുതിയതുറ താഴേ വീട്ടുവിളാകം സെബാസ്റ്റ്യൻ-അൽഫോൺസ ദമ്പതിമാരുടെ മകൻ റോബിൻസൺ (36) ആണ് മരിച്ചത്. ജൂലൈ 27-ന് അർധരാത്രിക്ക് ശേഷം വലിയവേളി പുറംകടലിലായിരുന്നു സംഭവം.
വിഴിഞ്ഞത്തുനിന്ന് 15 അംഗ സംഘത്തോടൊപ്പം തട്ടുമടി വല വലിക്കുന്നതിനിടെയാണ് റോബിൻസൺ കടലിലേക്ക് കുഴഞ്ഞുവീണതെന്ന് വിഴിഞ്ഞം തീരദേശ പൊലീസ് അറിയിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു.
അവിവാഹിതനായിരുന്ന റോബിൻസന്റെ സഹോദരൻ റോബിനാണ്. സംഭവത്തിൽ വിഴിഞ്ഞം തീരദേശ പൊലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.

