തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. ജനറൽ ആശുപത്രിക്ക് സമീപം നടന്ന അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാർ ആദ്യം ഡിവൈഡറിൽ ഇടിച്ച ശേഷം എതിർദിശയിൽ വന്ന ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ, ഓട്ടോയിലെ രണ്ട് യാത്രക്കാർ, ഒരു ബൈക്ക് യാത്രക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ബൈക്ക് യാത്രക്കാരന്റെ കാൽ പൂർണമായും മുറിഞ്ഞുപോയതായി വിവരമുണ്ട്.
അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന രണ്ട് പേർ മദ്യലഹരിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്നവരെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തുകയാണ്.

