Home Keralaശബരിമലയിലെ വ്യാജ നെയ്യ് വിവാദം: മിൽമ ഉദ്യോഗസ്ഥർക്ക് ദേവസ്വം ജീവനക്കാരുടെ സഹായമെന്ന് കണ്ടെത്തൽ

ശബരിമലയിലെ വ്യാജ നെയ്യ് വിവാദം: മിൽമ ഉദ്യോഗസ്ഥർക്ക് ദേവസ്വം ജീവനക്കാരുടെ സഹായമെന്ന് കണ്ടെത്തൽ

by news_desk1
0 comments

പത്തനംതിട്ട: ശബരിമലയിൽ മിൽമയുടെ പേരിൽ വ്യാജ നെയ്യ് എത്തിക്കാൻ മിൽമ ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡിലെ ചില ജീവനക്കാർ സഹായം നൽകിയതായി പ്രാഥമിക കണ്ടെത്തൽ. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചിരുന്ന ഒരാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വിവരം ദേവസ്വം ബോർഡ് ഭരണസമിതിക്കും മിൽമ ഭരണസമിതിക്കും ലഭിച്ചിരുന്നെങ്കിലും സമഗ്ര അന്വേഷണം നടത്താൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

ഒന്നരലക്ഷത്തിലധികം ലിറ്റർ മായം കലർന്നതോ ഗുണനിലവാരം കുറഞ്ഞതോ ആയ നെയ്യ് വിതരണം ചെയ്യപ്പെട്ടതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്ക് പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഗുണനിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്തതിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടം പരിശോധിക്കാൻ ക്ഷീരവികസന വകുപ്പിന്റെ ജോയിന്റ് ഡയറക്ടർ ഷീബ ഖമറിന്റെ നേതൃത്വത്തിൽ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്താൻ ദേവസ്വം സെക്രട്ടറിക്കും ചുമതല നൽകിയിട്ടുണ്ട്.

ക്ഷീരവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലും ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ചൂണ്ടിക്കാണിക്കുന്നു. ഒന്നരലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതുവഴി മിൽമയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേൽ സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

You may also like