മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ വിശ്വസ്തനായ മധ്യനിര ബാറ്ററും മുൻ ടെസ്റ്റ് നായകനുമായ അജിൻക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് 37കാരനായ താരം തന്റെ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യക്കായി കളിച്ച എല്ലാ ഫോർമാറ്റുകളിലെയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നാണ് രഹാനെ പടിയിറങ്ങുന്നത്.
വിരമിക്കൽ സന്ദേശത്തിൽ രഹാനെ പറഞ്ഞത് ഇങ്ങനെ: “ജീവിതത്തിന്റെ യാഥാർഥ്യം എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവുമുണ്ടെന്നതാണ്. ആ സമയം എത്തുമ്പോൾ അതിനെ ബഹുമാനിച്ച് മുന്നോട്ട് പോകണം. എന്റെ ബാറ്റിംഗിൽ ഞാൻ എപ്പോഴും സമയത്തിന്റെ പ്രാധാന്യത്തെ മാനിച്ചിട്ടുണ്ട്. ഇപ്പോഴാണ് കരിയറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഏറ്റവും അനുയോജ്യമായ സമയമെന്ന് ഞാൻ വിശ്വസിക്കുന്നു.”
2007-ൽ മുംബൈയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രഹാനെ, ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ദേശീയ ടീമിലേക്കെത്തി. 2011-ൽ ടി20യിലും ഏകദിനത്തിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, 2013-ൽ ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിലൂടെയാണ് ടെസ്റ്റ് ടീമിൽ ഇടം നേടിയത്. വിദേശ പിച്ചുകളിലെ മികവുറ്റ പ്രകടനങ്ങളിലൂടെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന സാന്നിധ്യമായി രഹാനെ മാറി. വെല്ലിങ്ടണിലും ലോർഡ്സിലും നേടിയ സെഞ്ചുറികളും 2014-15 ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മെൽബൺ ടെസ്റ്റിൽ നേടിയ 147 റൺസും അദ്ദേഹത്തിന്റെ ശ്രദ്ധേയ പ്രകടനങ്ങളിലൊന്നാണ്.
രഹാനെയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത് 2020-21 ഓസ്ട്രേലിയൻ പര്യടനമാണ്. അഡ്ലെയ്ഡിൽ ഇന്ത്യ 36 റൺസിന് പുറത്തായതും വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതും പിന്നാലെ താൽക്കാലിക നായകസ്ഥാനമേറ്റ രഹാനെ, മെൽബൺ ടെസ്റ്റിൽ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. തുടർന്ന് ബ്രിസ്ബേൻ ഉൾപ്പെടെയുള്ള വിജയങ്ങളിലൂടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നായി ആ പരമ്പര ഇന്നും വിലയിരുത്തപ്പെടുന്നു.
മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ രഹാനെ വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചെത്തി. 2023-ൽ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കായി രണ്ട് ഇന്നിങ്സുകളിലുമായി ഏറ്റവും കൂടുതൽ റൺസ് (135) നേടിയതും അദ്ദേഹമായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ 2023 ജൂലൈയിൽ ട്രിനിഡാഡിൽ കളിച്ച ടെസ്റ്റാണ് രഹാനെയുടെ അവസാന അന്താരാഷ്ട്ര മത്സരം.
ഇന്ത്യക്കായി 85 ടെസ്റ്റുകളിൽ നിന്ന് 12 സെഞ്ചുറികളുൾപ്പെടെ 5,077 റൺസും, 90 ഏകദിനങ്ങളിൽ നിന്ന് 2,962 റൺസും, 20 ടി20 മത്സരങ്ങളിൽ നിന്ന് 375 റൺസും രഹാനെ സ്വന്തമാക്കി. ഏകദിന കരിയറിൽ മൂന്ന് സെഞ്ചുറികളും 24 അർധസെഞ്ചുറികളും അദ്ദേഹം നേടി.
ഐപിഎല്ലിൽ 212 മത്സരങ്ങളിൽ നിന്ന് 5,367 റൺസ് നേടിയ രഹാനെ രണ്ട് സെഞ്ചുറികളും 35 അർധസെഞ്ചുറികളും സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.

