കൊച്ചി: സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി റദ്ദാക്കി. ഏഴ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റ ഉത്തരവുകളാണ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നത്. ഇതോടെ സംസ്ഥാന സർക്കാരിന് നിയമപരമായ ആശ്വാസം ലഭിച്ചു.
സർക്കാർ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കൂടാതെ, ട്രൈബ്യൂണലിൽ സമർപ്പിച്ച ഹർജിയിൽ സ്ഥലംമാറ്റ ഉത്തരവ് ബാധിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും കക്ഷികളാക്കിയിട്ടില്ലെന്നും കോടതി കണ്ടെത്തി.
ഡോക്ടർമാരുടെ സ്ഥലംമാറ്റം ഭരണനിർവഹണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ അധികാരപരിധിയിലാണെന്നും, ഭരണസൗകര്യത്തിനായി ഏത് ഡോക്ടറെ എവിടെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എല്ലാ ബാധിതരുടെയും വാദം കേട്ട ശേഷം വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ ട്രൈബ്യൂണലിന് കഴിയുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

