തെഹ്റാൻ / വാഷിങ്ടൺ: ജോർദ്ദാനിലെ അമേരിക്കൻ വ്യോമത്താവളത്തിന് നേരെ ഉണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനിൽ വ്യാപക വ്യോമാക്രമണം നടത്തി യുഎസ് സൈന്യം. ഇറാനെതിരെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും സ്ഥിരീകരിച്ചു. ജോർദാൻ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാൻ കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ ഈ ഭീഷണി തള്ളിക്കളഞ്ഞ ഇറാൻ, ശത്രുവിനെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ ജനങ്ങൾക്ക് ആഹ്വാനം നൽകിയിരുന്നു.
ഇറാഖിൽ പ്രവർത്തിക്കുന്ന പാരാമിലിറ്ററി അംബ്രല ഗ്രൂപ്പായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിന്റെ ഇരുപതോളം അംഗങ്ങൾ യുഎസ് – സൗദി സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ 32-ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷ്ഹർ പ്രവിശ്യയിലും യുഎസ് ആക്രമണം അരങ്ങേറി. ഇറാനിലെ ഖേഷമിൽ വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു യുഎസിന്റെ വ്യോമാക്രമണം. ദ്വീപിലുടനീളം നിരവധി തവണ മിസൈലുകൾ പതിച്ചതായി വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ പ്രാദേശിക വൈദ്യുതി നിലയത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പ്രദേശം പൂർണ്ണമായും ഇരുട്ടിലായിരുന്നു. നിലവിൽ ഇവിടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രണ്ട് പേർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.
ഖേഷമിന് പുറമേ ദക്ഷിണ പടിഞ്ഞാറൻ പ്രവിശ്യയായ ഫാർസിലും കിഷ് ദ്വീപിലും യുഎസ് വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഖുഷസ്താൻ പ്രവിശ്യയിലെ അബാദനിലുള്ള ചില പ്രദേശങ്ങളിലും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോർമോസ്ഗൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് രണ്ട് ശക്തമായ സ്ഫോടനങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങളും സ്ഥിരീകരിക്കുന്നു. അബു മുസ, കിഷ്, ഖേഷം എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതേസമയം സിരിക് നഗരത്തിൽ ഇതുവരെ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇറാൻ ഭരണകൂടം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും, ഇതിന് പരിഹാരം കാണാൻ ഹോർമൂസ് കടലിടുക്കിനെ മുൻനിർത്തി ലോക വ്യാപാരത്തെ തടസപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ഇറാനെ യുഎസ് അനുവദിക്കില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പൽ ചരക്ക് ഗതാഗതത്തെ ഉപയോഗപ്പെടുത്തി ഐആർജിസിയുടെ ഭീകരവാദ പ്രവർത്തനങ്ങളെയും ആക്രമണങ്ങളെയും സാമ്പത്തികമായി പിന്തുണയ്ക്കാനുള്ള ഇറാന്റെ നീക്കങ്ങളെ കർശനമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി, ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് നിർബന്ധിത സമുദ്ര ഇൻഷുറൻസ് ഈടാക്കിയിരുന്നതും, ഐആർജിസിയെ പിന്തുണയ്ക്കുന്നതുമായ രണ്ട് കമ്പനികൾക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതായും യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു.

