മുംബൈ: ദൂലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15-കാരനായ വൈഭവ് സൂര്യവംശിയെ നിയമിച്ചതിനെതിരെ പ്രമുഖ കമന്റേറ്റർ ഹർഷ ഭോഗ്ലെ രംഗത്തെത്തി. ടീമിന്റെ നായകനായി ഇഷാൻ കിഷനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സീനിയർ ടീമിൽ പരിചയസമ്പന്നരായ നിരവധി താരങ്ങൾ ഉണ്ടായിരിക്കെ, റെഡ്-ബോൾ ക്രിക്കറ്റിൽ പരിമിത അനുഭവമുള്ള വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനമാണ് ഹർഷ ഭോഗ്ലെ ചോദ്യം ചെയ്തത്.
ഈ തീരുമാനത്തിന് പിന്നിലെ ചിന്താഗതി മനസ്സിലാകുന്നില്ലെന്ന് ഹർഷ ഭോഗ്ലെ എക്സ് പോസ്റ്റിൽ കുറിച്ചു. സീനിയർ റെഡ്-ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നിയമിച്ചതിന് യാതൊരു വ്യക്തമായ വിശദീകരണവും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 12 ഇന്നിങ്സുകളിൽ നിന്ന് 17.25 ശരാശരിയിൽ 207 റൺസ് മാത്രമാണ് താരം നേടിയത്. വൈഭവിന്റെ പ്രതിഭ അസാധാരണമാണെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും, റെഡ്-ബോൾ ക്രിക്കറ്റിൽ ഇനിയും ഏറെ പഠിക്കാനുണ്ടെന്നും ഹർഷ ഭോഗ്ലെ അഭിപ്രായപ്പെട്ടു.
പരിചയസമ്പന്നനായ ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരനൊപ്പം ഈസ്റ്റ് സോണിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യുക വൈഭവ് സൂര്യവംശിയായിരിക്കും. ഐപിഎല്ലിലും മറ്റ് നിശ്ചിത ഓവർ മത്സരങ്ങളിലും ശ്രദ്ധേയ പ്രകടനം നടത്തിയ വൈഭവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ മികവ് തെളിയിക്കാൻ ദൂലീപ് ട്രോഫി മികച്ച അവസരമായിരിക്കും. എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 207 റൺസാണ് താരം നേടിയിട്ടുള്ളത്. ഉയർന്ന സ്കോർ 93 റൺസാണ്.
അതേസമയം, മുഹമ്മദ് ഷമിയും മുകേഷ് കുമാറും ഉൾപ്പെടുന്ന ശക്തമായ ബൗളിങ് നിര ഈസ്റ്റ് സോണിന് വലിയ കരുത്താണ് നൽകുന്നത്.
ഈസ്റ്റ് സോൺ ടീം:
ഇഷാൻ കിഷൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സുദീപ് ഘരാമി, മുഹമ്മദ് ഷമി, മുകേഷ് കുമാർ, ഷഹബാസ് അഹമ്മദ്, സൂരജ് ജയ്സ്വാൾ, വിരാട് സിങ്, കുമാർ കുശാഗ്ര, ശിഖർ മോഹൻ, സുഭ്രാംശു സേനാപതി, അഭിജിത് സർക്കാർ, അനുകുൽ റോയ്, ഡെനിഷ് ദാസ്.

