തൃശ്ശൂർ: ചലച്ചിത്രസംവിധായകൻ വിജീഷ് മണിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന് അജ്ഞാതർ തീയിട്ടു. ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലെ വീട്ടുമുറ്റത്താണ് പുലർച്ചെ ഒന്നരയോടെ സംഭവം നടന്നത്. സംഭവത്തിൽ ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ടുപേർ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി ജീപ്പിന് തീയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മഴക്കോട്ട് ധരിച്ച രണ്ടുപേർ വീട്ടിലേക്ക് എത്തുന്നതും വാഹനം കത്തിച്ചതിന് പിന്നാലെ ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ജീപ്പ് കത്തിനശിക്കുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടത് അയൽവാസികളാണ്. ഇവർ ഉടൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഗുരുവായൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീ അണച്ചെങ്കിലും ജീപ്പിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച പൊലീസ് പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

