Home Top Storiesപി.എം. ശ്രീ പദ്ധതിയിൽ കേന്ദ്രത്തിന്റെ വിശദീകരണം; പിന്മാറിയാൽ ആനുകൂല്യം മാത്രം നഷ്ടമെന്ന് രാജ്യസഭയിൽ മറുപടി, ഇളവ് പ്രതീക്ഷിച്ച് കേരളം

പി.എം. ശ്രീ പദ്ധതിയിൽ കേന്ദ്രത്തിന്റെ വിശദീകരണം; പിന്മാറിയാൽ ആനുകൂല്യം മാത്രം നഷ്ടമെന്ന് രാജ്യസഭയിൽ മറുപടി, ഇളവ് പ്രതീക്ഷിച്ച് കേരളം

by news_desk1
0 comments

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പുതിയ വിശദീകരണവുമായി കേന്ദ്ര സർക്കാർ. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ പി.എം. ശ്രീ പദ്ധതിയുടെ ആനുകൂല്യം മാത്രമേ നഷ്ടമാകൂവെന്നാണ് രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കിയത്. എം.പി. അബ്ദുൽ വഹാബ് ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പുവെച്ചിട്ടുണ്ടെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക ഇതുവരെ സംസ്ഥാന സർക്കാർ കൈമാറിയിട്ടില്ലെന്നും കേന്ദ്രം രാജ്യസഭയെ അറിയിച്ചു.

പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്നും അതിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.

അതേസമയം, പദ്ധതിയിൽ ചില ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. സംസ്ഥാന സിലബസ് തുടരാൻ മറ്റ് ചില സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയതും, സ്കൂളുകളുടെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്.

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതി ബുധനാഴ്ച വൈകിട്ട് 3.30ന് അന്തിമയോഗം ചേരും. ഉപസമിതിയുടെ റിപ്പോർട്ട് ഓഗസ്റ്റ് രണ്ടാംവാരത്തിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും. തുടർന്ന് കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി കത്ത് അയയ്ക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

You may also like