തിരുവനന്തപുരം: നെയ്യ് ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. പ്രശ്നങ്ങൾ ഉയരുന്നതിന് മുമ്പ് തന്നെ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന തീരുമാനം ദേവസ്വം ബോർഡ് എടുത്തിരുന്നുവെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ആ തീരുമാനം ശരിയായിരുന്നുവെന്ന് തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഫുഡ് സേഫ്റ്റിയുടെ ലാബ് പ്രവർത്തിക്കുന്നുണ്ടെന്നും, അവിടെ നെയ്യിന്റെ സാമ്പിളുകൾ പരിശോധിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭക്തർ സമർപ്പിക്കുന്ന നെയ്യ് ശുദ്ധീകരിച്ച ശേഷമാണ് ഉപയോഗിക്കുന്നതെന്നും അതിനാൽ അധികമായി നെയ്യ് വാങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും കെ. ജയകുമാർ വ്യക്തമാക്കി.
പരാതി ലഭിക്കുന്നതുവരെ മിൽമയുടെ നെയ്യുമായി ബന്ധപ്പെട്ട് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്നും കെ. ജയകുമാർ അറിയിച്ചു.

