Home Keralaരാജീവ് ചന്ദ്രശേഖറിന്റെ വിജയം റദ്ദാക്കണമെന്ന് ഹർജി; വരുമാനവും സ്വത്തുവിവരവും മറച്ചുവെച്ചെന്ന് ശബരിനാഥൻ, ഹൈക്കോടതിയിൽ നിയമപോരാട്ടം

രാജീവ് ചന്ദ്രശേഖറിന്റെ വിജയം റദ്ദാക്കണമെന്ന് ഹർജി; വരുമാനവും സ്വത്തുവിവരവും മറച്ചുവെച്ചെന്ന് ശബരിനാഥൻ, ഹൈക്കോടതിയിൽ നിയമപോരാട്ടം

by news_desk1
0 comments

തിരുവനന്തപുരം: നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ശബരിനാഥൻ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുവിവരവും വരുമാന വിവരങ്ങളും മറച്ചുവെച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

ബെംഗളൂരുവിലെ ഏകദേശം 200 കോടി രൂപയുടെ ആസ്തി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നും മൂന്ന് ഇടങ്ങളിലെ സ്ഥാവര സ്വത്തുകളുടെ വിവരങ്ങൾ മനപൂർവ്വം മറച്ചുവെച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കുകയും അദ്ദേഹത്തിന്റെ വിജയം റദ്ദാക്കുകയും ചെയ്യണമെന്നാണ് ശബരിനാഥന്റെ ആവശ്യം.

നാമനിർദേശ പത്രിക സമർപ്പണ സമയത്ത് തന്നെ ഈ വിഷയങ്ങൾ വരണാധികാരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് ഹർജി നൽകാനാണ് നിർദേശം ലഭിച്ചതെന്നും ശബരിനാഥൻ കോടതിയെ അറിയിച്ചു.

അതേസമയം, കഴക്കൂട്ടം മണ്ഡലത്തിലെ വി. മുരളീധരന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വ്യക്തിപരമായ ആക്ഷേപങ്ങൾ ഉയർത്തിയാണ് വി. മുരളീധരൻ തെരഞ്ഞെടുപ്പിൽ വിജയം നേടിയതെന്നാണ് ഹർജിയിലെ ആരോപണം.

ഈ തെരഞ്ഞെടുപ്പ് ഹർജികൾ നിയമപരമായി നിലനിൽക്കുമോയെന്ന കാര്യമാണ് ഹൈക്കോടതി ആദ്യം പരിഗണിക്കുക.

You may also like