കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 43-കാരനായ രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി. രണ്ട് തവണ നടത്തിയ പരിശോധനകളിലും ഫലം നെഗറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി.
ഫറോക്ക് സ്വദേശിയായ രോഗി ജൂൺ 9 മുതൽ വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് ജൂൺ 11-നാണ് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
തുടർച്ചയായി നടത്തിയ രണ്ട് പരിശോധനകളിലും നിപാ വൈറസ് ബാധ നെഗറ്റീവായതിനെ തുടർന്ന് ജൂലൈ 7-ന് ഐസൊലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. നിലവിൽ രോഗിക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

