കൊച്ചി: കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്ത് ഖാദി വിൽപ്പനയിൽ ശ്രദ്ധേയമായ വർധന. 2025 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിനെ അപേക്ഷിച്ച് 2026-ലെ ഇതേ മാസങ്ങളിൽ ഖാദി ഉൽപ്പന്നങ്ങളുടെ വിൽപ്പന ഏകദേശം 30 ശതമാനം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
കോഴിക്കോട് മിഠായി തെരുവിലെ ഖാദി എംപോറിയത്തിൽ 2025 ഏപ്രിൽ–ജൂലൈ കാലയളവിൽ 1.36 കോടി രൂപയുടെ വിൽപ്പന നടന്നപ്പോൾ, 2026-ൽ ഇത് 1.63 കോടി രൂപയായി ഉയർന്നു. ഇതോടെ നാല് മാസത്തിനിടെ 26.6 ലക്ഷം രൂപയുടെ അധിക വിൽപ്പനയാണ് രേഖപ്പെടുത്തിയത്.
ഖാദി ഉപയോഗത്തിന് പ്രാധാന്യം നൽകുന്ന നേതാക്കൾ അധികാരത്തിലെത്തിയതോടെ ആവശ്യകത വർധിച്ചതാണ് വിൽപ്പന ഉയരാൻ കാരണമായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പുതിയ സർക്കാർ അധികാരമേറ്റ മേയ് മാസത്തിൽ മാത്രം പല ഖാദി ഔട്ട്‌ലെറ്റുകളിലും വിൽപ്പന ഇരട്ടിയായതായി അധികൃതർ പറയുന്നു.
കോഴിക്കോട് ഖാദി എംപോറിയത്തിൽ 2025 മേയിൽ 24.6 ലക്ഷം രൂപയുടെ വിൽപ്പന നടന്ന സ്ഥാനത്ത്, ഈ വർഷം മേയിൽ അത് 49.2 ലക്ഷം രൂപയായി ഉയർന്നു. സത്യപ്രതിജ്ഞാ ചടങ്ങിനായി ഖാദി വസ്ത്രങ്ങൾ ധരിച്ച് നിരവധി പ്രവർത്തകർ തലസ്ഥാനത്തേക്ക് എത്തിയതും വിപണിയെ സ്വാധീനിച്ചെന്നാണ് ജീവനക്കാർ പറയുന്നത്.
നാല് ജില്ലകളിൽ ഔട്ട്‌ലെറ്റുകളുള്ള സർവോദയ സംഘത്തിന്റെ ഒരു ഔട്ട്‌ലെറ്റിൽ മാത്രം 20 ശതമാനത്തോളം വിൽപ്പന വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഷർട്ടും മുണ്ടുമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഉൽപ്പന്നങ്ങൾ. പ്രത്യേകിച്ച് പുതിയ ഡിസൈനുകളിലുള്ള റെഡിമെയ്ഡ് ഖാദി ഷർട്ടുകൾക്കും വെള്ളമുണ്ടുകൾക്കും മികച്ച ആവശ്യമാണ്. ഓഗസ്റ്റ് 25 വരെ തുടരുന്ന ഓണച്ചന്തയോടെ വിൽപ്പന ഇനിയും ഉയരുമെന്നാണ് ഖാദി അധികൃതരുടെ പ്രതീക്ഷ.
അതേസമയം, മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള ഖാദി ബോർഡിന്റെ പുനഃസംഘടന വൈകുന്നതിൽ ആശങ്കയുണ്ടെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.

