തൃശൂർ: ക്ഷേത്രത്തിൽ തൊഴാനെത്തിയ പതിനെട്ടുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹത്ത് കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിൽ ക്ഷേത്ര പൂജാരിക്ക് നാല് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
കർണാടക ദക്ഷിണ കന്നട ജില്ലയിലെ കൗവ്കർട്ടി വില്ലേജിലെ നെല്ലിത്തട്ക വീട്ടിൽ പ്രതീക് മെഹന്തലിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം എട്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2025 മെയ് മാസത്തിൽ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ക്ഷേത്രത്തിൽ തൊഴാനെത്തിയ പതിനെട്ടുകാരിയോടാണ് പ്രതി മോശമായി പെരുമാറിയത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പൊലീസ് കേസെടുത്തിരുന്നു.
അന്നത്തെ വാടാനപ്പള്ളി എസ്.ഐ വിജുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ശ്രീലക്ഷ്മി, എസ്.സി.പി.ഒ ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി ഏഴ് സാക്ഷികളെ വിസ്തരിക്കുകയും എട്ട് രേഖകളും തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ എ.എസ്.ഐ സിന്ധു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

