കാസർകോട്: ഏഴ് വയസുകാരിക്ക് മദ്യം നൽകി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 20 വർഷം കഠിനതടവും വിധിച്ച് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കാസർകോട് മാലോം സ്വദേശിയായ അനീഷ് പി.ഡി. (35)യെയാണ് കോടതി ശിക്ഷിച്ചത്.
2021-ൽ ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കുട്ടിക്ക് മദ്യം നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കേസ്.
തടവുശിക്ഷകൾക്ക് പുറമെ പ്രതി 80,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാത്ത പക്ഷം രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

